പഠന കേന്ദ്രത്തെക്കുറിച്ചുള്ള വിവരണങ്ങള്‍


സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് കേരളീയർക്ക് അല്ല ഭാരതീയർക്ക്, പോരാ സമസ്ത ലോക ജനനൻമയ്ക്കായി ജൻമമെടുത്ത മഹർഷി തുല്യനായ ഒരു മഹാത്മാവായിരുന്നു.

വിജ്ഞാന കുതുകികളും കർമോത്സുകരുമായ പഠിതാക്കൾക്ക് വൈദ്യ ശാസ്ത്ര -ചികിൽസാ രംഗങ്ങളിലും, വേദാന്ത പ0ന രംഗങ്ങളിലും ശരിയായ പാതയിലൂടെ മുന്നേറാൻ വേണ്ടത്ര സമഗ്രമായ അറിവുകൾ പകർന്നു തന്നിട്ടാണ് ഭൗതികരീത്യാ സ്വാമിജി നമ്മെ വിട്ടുപിരിഞ്ഞത്. തുടർന്നും അനേകം ജനങ്ങളെ വിജൃംഭിതവീര്യരാക്കിക്കൊണ്ട് ആ ദിവ്യ ചൈതന്യം ഒളിമങ്ങാതെ നിലകൊള്ളുന്നുമുണ്ട്.

കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലം കേരളത്തിന്‍റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അനേകം സ്ഥലങ്ങളിലായി സ്വാമിജി നടത്തിയ ആയുർവേദ ചികിൽസകൾ, പഠനങ്ങൾ, പഠന ക്യാമ്പുകൾ, വേദാന്ത പഠനക്ലാസുകൾ, പ്രഭാഷണങ്ങൾ ഒക്കെ മനുഷ്യരാശിയുടെ ഉന്നമനത്തിനും, പുരോഗതിക്കും, ശാന്തമായ ജീവിതത്തിനും വളരെ പ്രയോജനപ്രദമായിട്ടുണ്ട്. സ്വാമിജിയോടൊപ്പം മിക്കവാറും എല്ലാ പരിപാടികളിലും പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതിനാലും അവയിൽ മിക്കവയും റെക്കാർഡു ചെയ്തെടുക്കാൻ കഴിഞ്ഞതിനാലും പൊതുജനനന്മയ്ക്കായി, അവയിൽ യുക്തമായവയെ ലഭ്യമാക്കുകയാണ് ഈ പഠനകേന്ദ്രത്തിന്‍റെ മുഖ്യമായ ദൗത്യം. ഒട്ടേറെ സുമനസ്സുകൾ, അവരൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഓഡിയോ / വീഡിയോ പഠനങ്ങളും തന്ന് ഈ ഉദ്യമത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ തയ്യാറായ വിവരവും കൃതജ്ഞതാപൂർവ്വം ഇവിടെ രേഖപ്പെടുത്തുകയാണ്.

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ അമ്പലമേട്ടിലാണ് പ്രസ്തുത പഠന കേന്ദ്രം തുടങ്ങിയിരിക്കുന്നത്. 23-04-2019 ല്‍ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമാൻ പി.കെ.വേലായുധന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഈ പഠന കേന്ദ്രത്തിന്‍റെ ഉത്ഘാടനം നിർവഹിക്കപ്പെട്ടു. പ്രശസ്ത വേദാന്ത പണ്ഡിതനായ ശ്രീമാൻ കെ.ആർ നമ്പ്യാർ (എണാകുളം) ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. വാർഡ് പ്രതിനിധി ശ്രീമതി ലീനാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ശ്രീമതി ഗീതാ സുകുമാരൻ, തിരുവനന്തപുരം ചപ്പാത്ത് പ്രവർത്തിക്കുന്ന ശാന്തിഗ്രാമിന്‍റെ ഡയറക്ടറും, വൈദ്യ മഹാസഭയുടെ ( കേരളത്തിലെ ഒട്ടേറെ വൈദ്യസംഘടനകളുടെയും വൈദ്യൻമാരുടെയും കൂട്ടായ്മ) മുഖ്യകോ-ഓർഡിനേറ്ററുമായ ശ്രീമാൻ എൽ. പങ്കജാക്ഷൻ തുടങ്ങി ഒട്ടേറെ മഹത് വ്യക്തികൾ ഈ പഠനകേന്ദ്രത്തിന് ആശംസകൾ നേരുകയും ചെയ്തു.

ഈ പഠനകേന്ദ്രത്തിൽ വെച്ച് 250 മണിക്കൂർ ദൈർഘ്യമുള്ള - മുഖ്യമായും സ്വാമിജിയുടെ പഠന ക്ലാസുകളെ അവലംബമാക്കി തയ്യാറാക്കിയ - പാരമ്പര്യ, നാട്ടുവൈദ്യ, ഗൃഹവൈദ്യ പഠന ക്ലാസുകൾ നടത്തി വരുന്നു. ദൂരെ നിന്നു വരുന്ന പഠിതാക്കൾക്ക് വന്നു താമസിച്ച് ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു ബാച്ചിൽ 20 പേർക്കാണ് ക്ലാസുകൾ നൽകുന്നത്.

മുദ്ര തെറാപ്പി, അക്യുപ്രഷർ, കളരി/മർമ്മ ചികിൽസ, സുജോക്ക്, യോഗ തുടങ്ങിയ ഒട്ടേറെ ചികിൽസാ/പഠന ക്ലാസുകളും തിരുവനന്തപുരം ശാന്തിഗ്രാമിന്‍റെ സഹകരണത്തോടു കൂടി നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് സംസ്കൃതം പഠിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പഠന ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കെ. രവീന്ദ്രനാഥൻ
(മുഖ്യ കൊ-ഓർഡിനേറ്റർ)
Mob: 91 9947 240 371
Mail: enquiry@nirmalanandagiri.org



പഠന ക്ലാസുകളെക്കുറിച്ചുള്ള മറ്റു കൂടുതൽ വിവരങ്ങൾ
അറിയുന്നതിനായും, പഠന ക്ലാസുകളിൽ പങ്കെടുക്കാൻ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായും ബന്ധപ്പെടുക.