മൊഴിമുത്തുകള്‍

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്‍റെ പ്രഭാഷണങ്ങളില്‍ നിന്നും കിട്ടിയിട്ടുള്ള മുത്തുമൊഴികളെ, മൊഴിമുത്തുകള്‍ എന്ന പേരിലാക്കി നല്‍കുകയാണിവിടെ.

“ ഒരു വ്യക്തി തന്‍റെ കർത്തവ്യനിർവ്വഹണത്തിൽ വിജയിച്ചാൽ അമിതമായി ആഹ്ളാദിക്കരുത്. കർത്തവ്യ കർമ്മം പൂർണ്ണമാവാതിരിക്കുകയോ നിഷ്ഫലമാവുകയോ ചെയ്താൽ പോലും മനസ് പതറുകയും അരുത്. ജയിച്ചാൽ അത് പ്രയോജനകരമായിരിക്കുമെന്ന് തീർച്ച തന്നെ. മറിച്ച് അത് അപൂർണ്ണമായിരുന്നാൽ പോലും വിജയിച്ചതായി കരുതണം."

" മമതകളുടെ വേളകളിൽ നാമെല്ലാം എല്ലാ ധർമ്മങ്ങളും മറന്ന് അധർമ്മം ചെയ്യാൻ തയ്യാറാവുകയോ അതിന് കൂട്ടു നില്ക്കുകയോ ചെയ്യും "

“ ശാസ്ത്രം സാമ്പത്തിക ദർശനങ്ങളിലൂടെ മാനവ ഹൃദയത്തിന്‍റെ ചാരുതയാർന്ന മിത്തുകൾ (myth) മുഴുവൻ ചവുട്ടിയരയ്ക്കുകയായിരുന്നു. ഒരിക്കലും ചേർക്കാനാവാത്ത രണ്ടു സൂത വാക്യങ്ങളെ അന്തമില്ലാത്ത ആവശ്യങ്ങളും (Unlimited wants), പരിമിതമായ വിഭവസമ്പത്തും (limited resources) - തമ്മിൽ യോജിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് ആഡംസ്മിത്ത് വ്യാപൃതനായത്."

“ ശാസ്ത്രത്തെ വരും തലമുറകളിലേയ്ക്ക് നീട്ടിവായിക്കാൻ കഴിയാത്തവർ ശാസ്ത്രത്തിന്‍റെ മേലങ്കിയണിയരുത്. "

" പരിമിതമായ ഒന്നിനെ അപരിമിതമായ നിലയിലെത്തിക്കുക അസാധ്യമാണ്. മറിച്ച് അപരിമിതമായതിനെ പരിമിതമാക്കുക എന്നത് സാധിക്കുന്നതുമാണ്. അക്ഷരം പഠിക്കാൻ തുടങ്ങുന്ന കൊച്ചുകുഞ്ഞിനെ മുതൽ പരിമിതമായ വസ്തുവിനെ അപരിമിതമായ നിലയിലെത്തിക്കുന്നതിന്‍റെ സൂത്രവാക്യമാണ് ആധുനിക സാമ്പത്തികശാസ്ത്രം പഠിപ്പിക്കാനൊരുങ്ങുന്നത്. ഭാരതീയ സാമ്പത്തിക ദർശനത്തിലൂടെ പഠിപ്പിച്ചിരുന്നതാകട്ടെ അപരിമിതമായതിനെ പരിമിതമാക്കുന്ന സൂത്രവാക്യങ്ങളിലൂടെയും."

“ മാനവന്‍റെ എല്ലാ ചെയ്തികളിലും ഒരു കർത്താവും ഒരു സാക്ഷിയും എപ്പോഴും അവനോടോപ്പമുണ്ട്. "

“ ഒരുവന്‍റെ ജനിതക അംശത്തിൽ നിന്നാണ് അവന്‍റെ രോഗത്തിന്‍റെ ആവിർഭാവം. ആജ്ഞേയമായ ഒരു പൂർവ്വ ജീവിതത്തിന്‍റെ ആന്ദോളനമാണ് ഈ ജന്മത്തിലെ രോഗം. "

“ എപ്പോൾ ഒരു വ്യക്തി അവന്‍റെ വൈയ്യക്തിക സത്ത ഉപേക്ഷിക്കുകയും സാമാജിക സത്തയിൽ വിലയം പ്രാപിക്കുകയും ചെയ്യുന്നുവോ അപ്പോൾ അവനിൽ വരുന്ന സത്യങ്ങളെല്ലാം വൈയക്തികമല്ലാതായിത്തീരുകയും അവ പ്രപഞ്ചത്തിന്‍റെ നിസ്വനമായിത്തീരുകയും ചെയ്യുന്നു."

“ ഉത്തമനായ പുത്രനു മാതമേ, ഒരു ധർമ്മജനു മാത്രമേ, സുഖം തരാനാവൂ; എല്ലാ പുത്രന്മാർക്കുമാവില്ല. ഉത്തമനായ പുത്രൻ ജനിക്കുന്നതിന് തപസ്സു വേണം. "

“ ഭാരതീയ പൗരാണികർ അറിവ് തപസ്സിൽനിന്നാണുണ്ടാകുന്നതെന്നു വിശ്വസിച്ചിരുന്നു. അറിവിനെയാണ് 'ദൈവം' എന്നു പേരിട്ട് അവർ വിളിച്ചിരുന്നത്. അറിവ് ആനന്ദമാണെന്നും, അറവിന് ആഢംബരങ്ങളില്ലെന്നും, അതിന് ജാതിഭേദങ്ങളും മതദ്വേഷങ്ങളും ഇല്ലെന്നും അവർ പഠിപ്പിച്ചിരുന്നു. അറിവിന് ധനം വേണ്ടെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. കൂടും കൂട്ടായ്മകളുമൊന്നും കൊണ്ട് അറിവ് നേടാനാവില്ലെന്നും അവർ ഉറച്ചു വിശ്വസിച്ചിരുന്നു. 'ഈ അറിവ് ഞങ്ങളെ കാത്തു കൊള്ളണമേ' എന്നായിരുന്നു അവരുടെ പ്രാർത്ഥനകൾ."

“ മനുഷ്യൻ ഈ ഭൂമിയിൽ നടുന്നതതയും വാസനകളെയാണ്. അവയിൽ നിന്ന് കിളിർക്കുന്നതും വാസനകൾ തന്നെ. കിളിർപ്പിച്ചാഹരിക്കുന്നതും അവയെത്തന്നെയാണ്. "

“ ത്യാഗഭൂയിഷ്ടമായ സന്ദർഭങ്ങളിലാണ്, മറിച്ച് കാമനകളുടെ അന്തരാളങ്ങളിലല്ല, സ്ത്രീയുടെ മഹത്ത്വം ഉയർന്നു നില്‍കുന്നതെന്ന് സ്ത്രീയെത്തന്നെ ചൂണ്ടിക്കാട്ടി ആദ്യമായി പറഞ്ഞ കവിയാണ് വാല്മീകി. "

“ ആത്മജ്ഞാനം നഷ്ടപ്പെട്ടാൽ ഹൃദയദൗർബ്ബല്യം വരും. "

നാളുകളോളം ഉപാസന ചെയ്യാതെ ഒരാളും രോഗിയാവില്ല.,
ഒരാൾ ഒരു രോഗിയെ കാണുമ്പോൾ, ഒരു രോഗിയെ എതിർക്കു മ്പോൾ, അയാളെ നിന്ദിക്കുകയോ കണ്ടു പുച്ഛിക്കുകയോ ചെയ്യുമ്പോൾ, അയാളോടു വെറുപ്പുളവാകുമ്പോൾ, അതുമല്ലെങ്കിൽ ഒരു രോഗിയോടു പ്രിയം ഉണ്ടാകുമ്പോളൊക്കെ ആ വ്യക്തി രോഗത്തെ സങ്കല്പിക്കുകയും, രോഗത്തെ ഉപാസിക്കുകയും, സ്വമസ്തിഷ്ക്കത്തിലേക്കാവാഹിക്കുകയും രോഗിയാകാൻ തയ്യാറെടുക്കുകയുമാണ് ചെയ്യുന്നത്. - നാളുകളോളം ഉപാസന ചെയ്യാതെ ഒരാളും രോഗിയാവില്ല."

“ അന്യർക്ക് ദു:ഖം ഉണ്ടാക്കുന്ന ഒന്നും നമ്മളിൽ നിന്നും ഉണ്ടാകരുത്. "

“ ജനിതകങ്ങളിലൂടെ എന്ന് ആധുനികൻ പറയുന്നതുപോലെ ജന്മാന്തരങ്ങളിലൂടെ വരുന്നതാണ് ഒരു സംസ്കൃതി. ഒരു ദിവസം പെട്ടെന്ന് ആവിർഭവിക്കുന്നതല്ല. ആ സംസ്കൃതിക്കനുസരിച്ചുള്ളതു മാത്രമേ സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും, മനസ്സിനു കഴിയൂ."

“ഏതു ശബ്ദവും ഭാവനകൊണ്ട് ഉത്തമമാകും. ഏതു ശബ്ദവും യുക്തി കൊണ്ട് വികലവുമാകും. "

“ ഒരുവന്‍റെ കരണങ്ങളെല്ലാം ഉപസംഹൃതങ്ങളായി (ഇന്ദ്രിയങ്ങളെല്ലാം അകത്തേയ്ക്ക് വലിഞ്ഞിട്ട്) പഞ്ചപ്രാണങ്ങൾ ദേഹരക്ഷയ്ക്കായി ജാഗരൂകമാകുമ്പോൾ അവന്‍റെ മനസ്സ് സ്വയം പലതായിത്തീരുക എന്ന വിഭൂതിയെ അനുഭവിക്കുന്നതാണ് സ്വപ്നം."

“ ഭരതകുമാരനെ അയോദ്ധ്യാസിംഹാസനത്തിൽ നിന്നും ബോധപൂർവ്വം അകറ്റിനിർത്താൻ ദശരഥമഹാരാജാവ് ശ്രമിക്കാതിരുന്നെങ്കിൽ രാമന്‍റെ അഭിഷേകവിഘ്നത്തിനും തുടർന്നുള്ള വനവാസത്തിനും ഒരിക്കലും ഭരതകുമാരൻ സമ്മതിക്കുമായിരുന്നില്ല. "

“ ശാസ്ത്രങ്ങളുടെ നിഷ്രമായ പോക്ക് മതങ്ങളുടെ കുരിശു യുദ്ധങ്ങളേക്കാൾ മനുഷ്യനെ വെട്ടിലാക്കിയിട്ടുണ്ട്. ശാസ്ത്രം അതിന്‍റെ ആലവാലങ്ങളുമായി രംഗത്തു വന്നപ്പോൾ അത് മനുഷ്യനെ എല്ലാ രംഗങ്ങളിലും രക്ഷിക്കുമെന്നും പൂർവ്വികങ്ങളായ അവന്‍റെ വിശ്വാസങ്ങളെല്ലാം തെറ്റാണെന്നുമായിരുന്നു ഇന്നലെ അതിന്‍റെ പിതാക്കൾ പറഞ്ഞത്. അവരഴിച്ചുവിട്ട പ്രചരണങ്ങളിൽ പെട്ട് ജനങ്ങളെല്ലാം അവരുടെ പിന്നാലെ കൂടി. അമ്പതു കൊല്ലത്തെ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ച് തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. "

“ പാരസ്പര്യത്തെ വർണ്ണിക്കാൻ വാക്കുകൾ അപൂർണ്ണവും ഭാഷ അപര്യാപ്തവുമാകുന്നു. "

“ ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ശാപം അവനിലെ ശിശുവിന്‍റെ മരണമാണ്. തന്നിലെ ശിശു മരിച്ചുപോയ മനുഷ്യൻ വികൃത ജീവിയാണ്. മരിക്കരുതാത്ത ഒന്നു മനുഷ്യനിലുണ്ടാകേണ്ടത് അവന്‍റെ ശൈശവമാണ്. പണ്ടുകാലത്ത് മനുഷ്യന് ഏതാണ്ട് അറുപത്, എഴുപത് ഒക്കെ പ്രായമാകുമ്പോൾ ഒരു രണ്ടാം ശൈശവം വരും. വർത്തമാനത്തിലൊക്കെ ശൈശവസഹജമായ നിഷ്കളങ്കതയും വരുമായിരുന്നു. "

“ നാം കഴിക്കുന്ന ആഹാരത്തിൽ 6 രസങ്ങളും ഉണ്ടായിരിക്കണം; മധുരം കൂടുതൽ ഉണ്ടായിരിക്കുകയും വേണം. എങ്കിൽ മാത്രമേ സ്വസ്ഥൻ ആരോഗ്യവാനായി തുടരൂ. സദ്യകൾക്ക് മനുഷ്യന്‍റെ നാക്കിന്‍റെ ആകൃതിയിലുള്ള 'നാക്കിലകളിൽ' ഊണു വിളമ്പുന്നതു ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. ആദ്യം അറ്റത്ത് ഉപ്പ്, പിന്നെ ഉപ്പേരി, തുടർന്ന് ഉപ്പിലിട്ടത് ഇങ്ങനെ 6 രസങ്ങളും ചേർന്ന ആഹാരമാണ് വിളമ്പാറുള്ളത്. ഷഡ് രസങ്ങളിൽ മധുരം കൂടുതൽ വേണമെന്നു പറഞ്ഞാൽ പഞ്ചസാര എന്നല്ല അർത്ഥമാക്കുന്നത്; അന്നജം എന്നാണ്. അതാണ് ചോറ് കൂടുതൽ വിളമ്പുന്നത്. "

“ കാമത്തിൽ നിന്ന് മോക്ഷത്തിലേയ്ക്ക് പോകാൻ പാതയില്ല. കാമം നയിക്കുന്നത് അധോലോകങ്ങളിലേയ്ക്കാണ്. മോക്ഷം ഉപരിലോകങ്ങളിലേയ്ക്കും. സാധനയിൽപോലും ഈ നിയമം ഉണ്ട്."

“അയോദ്ധ്യാ നഗരിയിൽ ദശരഥചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരു വേലക്കാരിക്ക് - മന്ഥരയ്ക്ക് - കൊട്ടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി തകിടം മറിക്കാനായെങ്കിൽ - രാമാഭിഷേക വിഘ്നം വരുത്താനായെങ്കിൽ - അതു ചൂണ്ടിക്കാട്ടുമ്പോൾത്തന്നെ അയോദ്ധ്യയും അയോദ്ധ്യ ഭരിക്കുന്ന ചക്രവർത്തിയും എത്രയും നിന്ദ്യനും അപഹാസ്യ നുമായിത്തീരുമെന്ന കാര്യം നാം മറന്നു പോകുന്നു. "

“ ഇല്ലായ്മയുടെ ദുഃഖത്തേക്കാളും വല്ലായ്മയുടെ ദുഃഖത്തേക്കാളുമേറെയാണ് സമ്പന്നന്‍റെ ദുഃഖം. "