രാമായണം സ്വാമിജിയുടെ പഠനം


“ഈ ലോകമെല്ലാം നിന്നില്‍ വസിക്കുന്നു
നീ ഈ ലോകത്തില്‍ വസിക്കുന്നു
ബ്രഹ്മരൂപിയായ നീ സര്‍വ്വവ്യാപകനാണ്”

രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്.

വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രചിക്കുമ്പോള്‍, രാമന്‍റെ ആഗമനത്തിനു മുന്‍പുള്ള, രാമനാമത്തെ , അതിന്‍റെ മാഹാത്മ്യത്തെ ഒക്കെ ഉള്‍ക്കൊള്ളുവാന്‍ കാരണമായി തീരുന്നത് നാല് പ്രസിദ്ധ ശാപങ്ങള്‍ ആണ്. മഹാവിഷ്ണുവിന് സനല്‍കുമാരന്‍റെ, അതുപോലെ തന്നെ ഭൃഗുവിന്‍റെ , വൃന്ദയുടെ, ദേവദത്തന്‍റെ ഒക്കെ ശാപം ലഭിച്ചിട്ടാണ് രാമന്‍ മനുഷ്യനായി വന്നത്. ഇതില്‍ വലിയൊരു ലക്ഷ്യവും ഈശ്വരന് ഉണ്ടായിരുന്നു. എന്ത് പ്രതികരണവും ചെയ്യാന്‍ കഴിയുന്നവനാണ്, കര്‍ത്തും, അകര്‍ത്തും, അന്യഥാ കര്‍ത്തും സമര്‍ഥനായ ഈശ്വരന്‍ – ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറ്റൊരു വിധത്തില്‍ ചെയ്യാന്‍, കഴിവുള്ളവന്‍ – അതാണ്‌ ഭാരതീയ ചിന്തയില്‍ ഈശ്വര നിര്‍വ്വചനം.

അത്രയും കഴിവുകളോട് കൂടിയ രാമന്‍ തനിക്കു വന്ന ഒരു ദുരിതം എങ്കിലും മാറ്റാന്‍ കഴിവില്ലാത്തത് കൊണ്ടല്ല, അത് അനുഭവിക്കുന്നതിലുള്ള അറിവ് കൊണ്ട് – ജീവിതത്തില്‍ എന്തെല്ലാം ക്ലേശങ്ങള്‍ മനുഷ്യനായി തീരുമ്പോള്‍ അനുഭവിക്കുന്നൂ, അതനുസരിച്ചാണ് ഒരുവന്‍ പാകപ്പെടുന്നത്. ദുഖങ്ങളുടെ ഹേതു, സ്വരൂപം, ഫലം, ഇവയെ ചിന്തിക്കുമ്പോള്‍, ഫലചിന്തനത്തില്‍ ഓരോ ദുഖവും നമ്മുടെ പാപങ്ങളെ എടുത്ത് കൊണ്ട് പോകുന്നതാണ്. ഓരോ സുഖവും നമ്മുടെ പുണ്യത്തെ ചിലവാക്കി തീര്‍ക്കുന്നതാണ്. മനസ്സുള്‍പ്പെടെ ഇന്ദ്രിയങ്ങള്‍ ശോഭനമാകുന്നത് സുഖത്തിലും, അശോഭനമാകുന്നത് ദുഖത്തിലും ആണ്. എല്ലാ ദുഃഖവും പൂര്‍വ്വപാപങ്ങളില്‍ നിന്നും, എല്ലാ സുഖവും പൂര്‍വ്വ പുണ്യങ്ങളില്‍ നിന്നും ആണ്.

എത്രമാത്രം പാപം ഉണ്ടായിരുന്നോ അതാണ്‌ ദുഃഖം കൊണ്ട് പോകുന്നത്. ദുഃഖം വരുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ഉയരുന്നത് എന്ന് പ്രാചീന ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. വനവാസവും ക്ലേശവും മനുഷ്യനായി വന്ന ഈശ്വരന്‍ അനുഭവിക്കുന്നതിലൂടെ, എങ്ങനെയാണ് ശാപഗ്രസ്തമായ പാപങ്ങളില്‍ നിന്ന് മോചനം നേടുന്നത്, അതുപോലെ മനുഷ്യന്‍ അവന്‍റെ മുന്നിലേക്ക്‌ വരുന്ന ക്ലേശസഹസ്രങ്ങള്‍ കാണുമ്പോള്‍ തകരാതിരിക്കാന്‍ തരുന്ന ഏറ്റവും വലിയ സന്ദേശങ്ങളില്‍ ഒന്നാണ് രാമായണം.