ഭഗവദ് ഗീത സ്വാമിജിയുടെ പഠനം


കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഝണഝണസണൽക്കാരം പൊഴിക്കുന്ന ആയുധങ്ങളുമായി കൗരവ പാണ്ഡവ ഭേതമന്യേ വികാര വിജൃംഭിതരായി പതിനൊന്നും എഴും പതിനെട്ട് അക്ഷൗഹിണികളായി നിരന്ന് നിൽക്കുന്ന ക്ഷാത്ര തേജസ് ഒരു ഭാഗത്ത്. അതിനെ നേരിടാൻ ഒറ്റക്ക് , നിരായുധനായി നിൽക്കുന്ന കൃഷ്ണൻ മറുഭാഗത്തും. ഇതാണ് ഭാഗവദ് ഗീതയിൽ നാം കാണുന്ന അഥവാ കാണേണ്ട മർമ്മപ്രധാനമായ രംഗം. സാമ്പ്രദായിക രീതിയിൽ എന്താണ് ഗീതയുടെ പൊരുൾ എന്ന് ശ്രീ ശങ്കരനെ പോലെയുള്ള ആചാര്യ വരിഷ്ഠൻമാർ വളരെ മുമ്പേ വെളിവാക്കി തന്നിട്ടുള്ളതാണ്. എന്ത് കൊണ്ടോ അത് സാധാരണക്കാരിൽ എത്താതെ പോയി.

" കുരുക്ഷേത്രയുദ്ധക്കളത്തിൽ യുദ്ധത്തിനു തയ്യാറെടുത്തു വന്ന അര്‍ജ്ജുനന്‍ തന്‍റെ ബന്ധുക്കളെക്കണ്ട് പരിക്ഷീണനായിത്തീർന്നതോടെ യുദ്ധം ചെയ്യുകയില്ലെന്നും രാജ്യം വേണ്ടെന്നും പറഞ്ഞ് വിലപിച്ചു കൊണ്ട് താഴെയിട്ട ഗാണ്ഡീവം ഭഗവാൻ കൃഷ്ണന്‍റെ ഗീതാവചനങ്ങൾ കേട്ടതോടെ വിജൃംഭിത വീര്യനായി വീണ്ടും കൈയിലെടുത്ത് കൗരവരോട് യുദ്ധം ചെയ്യാൻ തയാറായി" എന്ന രീതിയിലുള്ള വിവരണങ്ങളാണ് സാമാന്യേന എല്ലാ ഗീതാ വ്യാഖ്യാന ഗ്രന്ഥങ്ങളിലും കാണാൻ കഴിയുന്നത്.

മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യുക എന്നത് ചരിത്രാരംഭകാലം മുതൽ കണ്ടുവരുന്നതാണ്. കാരണം അതിനുള്ള "വാസന" ( instinct) ഉള്ളവരാണ് മനുഷ്യർ. അതുകൊണ്ടുതന്നെ അതിൽ അസ്വാഭാവികമായൊന്നുമില്ലെന്നു നമുക്ക് ന്യായീകരിക്കാനായേക്കും. കെല്പുള്ളവനേ ( ശക്തിയുളളവനേ) നിലനില്പുള്ളു് (survival of the fittest), നിലനില്പിനു വേണ്ടി പോരാടു (struggle for existence) - തുടങ്ങിയ ആശയങ്ങളിലൂന്നിയ ആധുനിക പഠനങ്ങൾ ബാല്യകാലം മുതലേ കുട്ടികളിൽ മത്സരബുദ്ധിയും വിദ്വേഷവും ഊട്ടിയുറപ്പിക്കാൻ പ്രേരകമാകാറുണ്ട്.

പരമമായ കൃപകൊണ്ട് യുദ്ധം വേണ്ടെന്നു വയ്ക്കുന്ന ഒരു വനെ യുദ്ധത്തിലേക്ക് നയിക്കാൻ ഒരു സന്ദേശം ഭാരതത്തിലുണ്ടായി എന്നു പറഞ്ഞാൽ ഭാരതീയന്‍റെ ചിന്തയിൽ കൃപ ഗർഹണീയമായ (നിന്ദനീയമായ) വികാരവും, യുദ്ധം ഏറ്റവും അനുകരണീയമായ വികാരവുമാണെന്ന് നാം ലോകത്തെ പഠിപ്പിക്കാനൊരുങ്ങുകയാണെന്ന് ചിന്തിക്കാൻ അത് വഴിയൊരുക്കും. ദൈവം ഭൂമിയിൽ മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ ഇടയിലുള്ള മാത്സര്യവും യുദ്ധവും ഇല്ലാതാക്കുന്നത് നമുക്ക് മനസ്സിലാകും. അങ്ങനെയുളള അത്യപൂർവ്വം ചില അവതാര പുരുഷൻമാരെ എല്ലാ മതങ്ങളും എക്കാലവും ആരാദ്ധ്യരായി കൊണ്ടു നടക്കാറുണ്ട്. എന്നാൽ ദൈവം തന്നെ മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ ഇടയിൽ വന്ന് സമാധാനം കാംഷിച്ച് നിന്ന ഒരുവനെ പ്രേരിപ്പിച്ച് യുദ്ധം ചെയ്യിപ്പിച്ചു എന്ന് പറയുന്നത് ചിന്തിക്കുന്നവർക്ക് സഹിക്കാവുന്നതിലപ്പുറമാണ്.

ശേയസിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കാനാണ് അർജ്ജുനൻ ഭഗവാനോട് അപേക്ഷിച്ചത്, ഭഗവദ് ഗീതയിലൂടെ ഭഗവാൻ അതാണ് ചെയ്തതും . യുദ്ധം കൊണ്ട് പ്രേയസല്ലാതെ ശ്രേയസ് നേടാനാവില്ല. സ്വാമി നിർമലാനന്ദഗിരി മഹാരാജ് ചോദിക്കുന്ന വളരെ പ്രസക്തമായ ചില ചോദ്യങ്ങൾ ചിലരെങ്കിലും വളരെയേറെ ആഴത്തിൽ ചിന്തിപ്പിക്കാതിരിക്കില്ല.