സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് - വിവരണങ്ങള്‍


ലോകത്തിന് നഷ്ടമായത് ആത്മീയ - വൈദ്യശാസ്ത്ര രംഗങ്ങളിലെ സൂര്യതേജസ്വിയായ സ്വാമി നിര്‍മ്മലാനന്ദഗിരിയെന്ന അതുല്യ പ്രതിഭാധനനെ...

ആന്തരികമായി വലിയ തപസ്സിലും ബാഹ്യമായി ലോക സേവനത്തിലും സദാ മുഴുകിയിരുന്ന സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് കഴിഞ്ഞ ഏതാണ്ട് മുപ്പതു വർഷക്കാലം കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒട്ടേറെ സ്ഥലങ്ങളിൽ കൃത്യമായി പോയി വൈദ്യ ശാസ്ത്ര പഠന ക്ലാസ്സുകളും രോഗികൾക്ക് ചികിത്സയും നൽകിപ്പോന്നിരുന്ന - നൂറു കണക്കിന് രോഗികളുടെ കാൻസർ രോഗം, കരൾ രോഗം, ഹൃദ്രോഗം, കിഡ്നി തകരാർ തുടങ്ങി മിക്കവാറും എല്ലാ രോഗങ്ങളും ചികിത്സയിലൂടെ മാറ്റിക്കൊടുത്തിരുന്ന - ഉത്തമ ആയുർവേദ ചികിത്സകനും, അത്യപൂർവ പ്രതിഭാശാലിയും, വലിയ മനുഷ്യസ്നേഹിയുമായിരുന്നു. അങ്ങനയുള്ള ആധുനിക 'ചരകാചാര്യനെ'യാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

സ്വാമിജിയുടെ തിരോധാനം വേദാന്ത രംഗത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മാണ്ഡൂക്യ ഉപനിഷത്തിൽ തുടങ്ങി ഒട്ടേറെ ഉപനിഷത്തുക്കളുടേയും, രാമായണം, മഹാഭാരതം, ഭഗവദ് ഗീത, യോഗവാസിഷ്ടം, പാതഞ്ജലം, ലളിതാ സഹസ്ര നാമം, സൗന്ദര്യ ലഹരി തുടങ്ങി വളരെയേറെ മഹത് ഗ്രന്ഥങ്ങളുടേയും, ശങ്കര ഭഗവത് പാദരുടേയും, ചട്ടമ്പി സ്വാമികളുടേയും ശ്രീ നാരായണ ഗുരുദേവന്‍റെയുമൊക്കെ പല ഗ്രന്ഥങ്ങളുടേയും ആന്തരികമായ, യുക്തിഭദ്രമായ പൊരുൾ വ്യക്തമാക്കി അതെല്ലാം സാധാരണക്കാരായ - ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്കു പോലും ഉൾക്കൊള്ളുവാൻ പറ്റും വിധം പറഞ്ഞു തന്ന അത്യപൂർവ പ്രതിഭയായിരുന്നു സ്വാമിജി. വ്യാസ മഹാ പ്രഭുവിന്‍റെയും ശങ്കര ഭഗവ‌ത്പാദരുടേയുമൊക്കെ ഗ്രന്ഥങ്ങളിലെ അന്തസ്സത്ത ഇത്ര ഹൃദ്യമായി, സുന്ദരമായി, യുക്തിസഹമായി പഠിപ്പിക്കുവാൻ പ്രാപ്തനായ മറ്റൊരാചാര്യനുവേണ്ടി കാത്തിരിക്കുകയേ നമുക്ക് കരണീയമായുള്ളൂ.

ഇന്ന് പലവിധ രോഗങ്ങൾക്കും പ്രതിവിധിയായി പത്തും പന്ത്രണ്ടുമൊക്കെ ക്യാപ്സൂളുകൾ നിത്യേന കഴിക്കേണ്ടി വരുന്ന രോഗികൾ, ആ ക്യാപ്സൂളുകളുടെ കവർ മൃഗങ്ങളുടെ മജ്ജയും ( ജലാറ്റിൻ ) ചെളിയും ( അതി സൂഷ്മമായ മണ്ണ്‌ ) പ്രിൻറിങ്ങ് മഷിയും, പശയും ചേർത്തുണ്ടാക്കിയിട്ടുള്ളതായതിനാല്‍, ഏതാനും വർഷങ്ങൾക്കുള്ളിൽ കിഡ്നി രോഗം കൂടി പിടിപെട്ടു കഷ്ടപ്പെടുമെന്ന് മനസിലാക്കിയതിനാലാണ് യാതൊരു മാലിന്യവും കലരാതെ ആയുർവേദ ഔഷധങ്ങൾ കൃത്യമായ യോഗങ്ങൾ പ്രകാരം ശാസ്ത്രീയമായി ഉണ്ടാക്കാനാകുമെന്ന് പഠിപ്പിക്കാനും അത്തരം മായം ചേരാത്ത ഔഷധങ്ങൾ ഉപയോഗിക്കുക വഴി ഏതു രോഗവും ഇല്ലാതാക്കാനാകുമെന്ന് ജനങ്ങളെ ബോധ്യമാക്കാനുമാണ് ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് ശ്രീ നാരായണ ഫാർമസ്യൂട്ടിക്കൽസ് എന്ന പേരിൽ ഒരു ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനത്തിന് അതിന്‍റെ ഉടമകളെ ബോധ്യപ്പെടുത്തി, ആ സ്ഥാപനം തുടങ്ങി പൂർണമായും പ്രവർത്തനക്ഷമമാക്കി കാണിച്ചു കൊടുത്തത്.

ആയുർവേദത്തിൽ BAMS, MD തുടങ്ങിയ സിഗ്രികളുള്ള ചികിത്സകരെയും, സാമാന്യ വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എങ്കിലും ചികിത്സ പഠിക്കണമെന്ന് താൽപര്യമുള്ളവരെയും ഒരുമിച്ച് സ്വാമിജിക്കു ചുറ്റുമിരുത്തി ഓരോ രോഗി വരുമ്പോഴും രോഗവിവരം ചോദിച്ചു മനസിലാക്കി അതിനുള്ള ഔഷധം ചുറ്റിനും കൂടിയിരിക്കുന്ന ഓരോ വ്യക്തിക്കും മാറി മാറി എഴുതാൻ അവസരം കൊടുത്ത് ചികിത്സ പഠിക്കാൻ താൽപര്യമുള്ള ഓരോ വ്യക്തിയേയും ഉന്നത അറിവുള്ള ചികിത്സകനാക്കുന്ന പരിശീലനം അനേക വർഷം സ്വാമിജി തുടർന്നുപോന്നു.

ഔഷധ നിർമ്മാണത്തിന് കുറ്റമറ്റ വഴികൾ വേണ്ടത്ര നമ്മുടെ പൂർവാചാര്യൻമാർ ചൂണ്ടിക്കാണിച്ചുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വെള്ളലി, മുയൽ, കുരങ്ങ് തുടങ്ങി ഒരു ജീവിയേയും വേദനിപ്പിക്കാതെ / കൊല്ലാതെ പ്രകൃതി നമുക്കൊരുക്കിത്തന്നിട്ടുള്ള അത്ഭുത സസ്യങ്ങൾ മാത്രം ഉപയോഗിച്ച് എല്ലാത്തരം രോഗങ്ങൾക്കും വ്യക്തമായ പരിഹാരങ്ങൾ / ഔഷധങ്ങൾ ഉണ്ടാക്കി കാണിക്കുകയും അവയെയൊക്കെ വ്യക്തതയോടെ ജനങ്ങൾക്ക് ഉപകാരപ്പെടുമാറ് പ്രിന്‍റ്   ചെയ്തിറക്കാനുമുള്ള പൂർണമായ അനുമതിയും അതിനു തൽപരരായ വ്യക്തികൾക്ക് സ്വാമിജി നൽകി. ഇന്ന് പാരമ്പര്യ വൈദ്യ / ഗൃഹവൈദ്യ / നാട്ടു വൈദ്യ അറിവുകൾ മാത്രമായി കുറഞ്ഞത്‌ 250 മണിക്കൂറുകൾ പഠിപ്പിക്കാനുള്ള അറിവുകളും ആ മഹാത്മാവ് പകർന്നു തന്നിട്ടാണ് നമ്മേ വിട്ടു പിരിഞ്ഞത്.

അറിവിന്‍റെ നിറകുടമായിരുന്ന സ്വാമിജിയുടെ പ്രൗഢഗംഭീരമായ ശബ്ദത്തിലൂടെ - ഇടിമുഴക്കമാർന്ന വാക്ധോരണിയിലൂടെ - പ്രബുദ്ധരായ ലോകജനത വേദാന്ത/വൈദ്യ രംഗങ്ങളിലെങ്കിലും മുന്നേറുമെന്ന് തീർച്ചയാണ്. സ്വാമിജി പകർന്നു നൽകിയ അറിവുകളെക്കുറിച്ചുള്ള ഒരു ചെറു വിവരണമെങ്കിലും നൽകുവാൻ ഈ വെബ്സൈറ്റു കൊണ്ടു സാധിക്കുമെന്നു കരുതുന്നു.

ആദരപൂര്‍വ്വം,
കെ. രവീന്ദ്രനാഥന്‍
ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് പഠനകേന്ദ്രം, ലൈബ്രറി & ഔഷധസസ്യ വിപുലീകരണ / വിപണന കേന്ദ്രം,
അമ്പലമേട്, എറണാകുളം ജില്ല.