കളരി മര്‍മ്മ ചികില്‍സാ പഠനം

കേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. കളരികളിൽ മർമ്മവിദ്യകൾ കളരിപ്പയറ്റ് തുടങ്ങിയ പല അഭ്യാസങ്ങളും പഠിപ്പിച്ചിരുന്നു.കടത്തനാട്ടിലെ കളരികൾ ചരിത്ര പ്രശസ്തമാണ്. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി. രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്.

എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു.

ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ തിരുവനന്തപുരം ശാന്തിഗ്രാം നടപ്പാക്കുന്ന ജനകീയ പരിപാടിയുടെ ഭാഗമായാണ് ആവശ്യമുള്ളവര്‍ക്ക് ഇത്തരം ക്ലാസുകള്‍ ലഭ്യമാക്കുന്നത്.