വൈകാരികസാക്ഷരത

“അല്ലിയും നാമ്പും മുറിച്ചൊന്നൊന്നായ് പരീക്ഷിച്ചാൽ
ഫുല്ലപുഷ്പത്തിൻ മുഗ്ദ്ധസൗരഭമകന്നുപോം
ചെന്തീജ്ജ്വാലയിലെരിച്ചമ്ലശോധനം ചെയ്‌താൽ
കാന്തിയൊക്കെയും മങ്ങി കരിയായ്ത്തീരും വജ്രം”

എം പി അപ്പന്‍റെ വരികളാണിവ.
ഒരുവന്‍ ഒരു പൂവ് പറിച്ച് ഇത് പൂവിന്‍റെ ജനി, ഇത് കേസരം, ഇത് കാലിക്സ്, ഇത് കൊറോള, ഇത് സ്റ്റെയ്മന്‍സ്, ഇത് പിസ്റ്റില്‍, എന്നൊക്കെ പറഞ്ഞ് അതിന്‍റെ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി പഠിക്കുമ്പോള്‍ ഒരുതരം ബൌദ്ധികമായ വികാസം അവനില്‍ ഉണ്ടാകുന്നുണ്ടാവും. പക്ഷെ പൂവിന്‍റെ സമഗ്രത മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന ആനന്ദം അവന് നഷ്ടപ്പെടും.

ആയിരം പൂക്കള്‍ പറിച്ച് ഇങ്ങനെ അപഗ്രഥിച്ചു കഴിഞ്ഞാല്‍, അതെല്ലാം അവന്‍റെ മസ്തിഷ്കത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍, പൂവ് അവനില്‍ പിന്നീട് ഒരു വൈകാരികതലവും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുക പോലും വേണ്ട.

നൂറു ശരീരങ്ങള്‍ അറുത്തു മുറിച്ചു പഠിച്ചു കഴിഞ്ഞ ഒരുവന് അതിന്‍റെ സമഗ്രതയില്‍ ഉണ്ടാകുന്ന വൈകാരികത കിട്ടാന്‍ പ്രയാസമാണ്. അങ്ങനെ ഒരു സാക്ഷരത ഇന്നില്ല. ഒരു ശലഭവും ഒരു കുഞ്ഞുമായി സംവദിക്കുമ്പോള്‍ കുഞ്ഞിനുണ്ടാകുന്ന അറിവുകള്‍ ആന്തരികമാണ്‌. ശലഭത്തെ കീറിമുറിച്ചു പഠിച്ചാല്‍ ആ അറിവുകള്‍ ഉണ്ടാകില്ല, കിട്ടില്ല.