അവസ്ഥാ പൂജ്യതേ - എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത് വ്യക്തിയെയല്ല.

പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു രാഷ്ട്രപതിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു സന്ന്യാസിയെ കണ്ട് വണങ്ങിയാല്‍, ഒരു പുരോഹിതനെ കണ്ട് വണങ്ങിയാല്‍, വണങ്ങുന്നത് ആ വ്യക്തിയെയല്ല, നാമരൂപാങ്കിതമായ ആ വ്യക്തിയെയല്ല, അവസ്ഥയെയാണ് വണങ്ങുന്നത്. അത് അയാള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ നിത്യദുഃഖത്തിനു കാരണമാകും.

തമിഴ് നാട്ടില്‍ ഒരു കഥയുണ്ട്. ഒരു ഘോഷയാത്രയ്ക്ക്‌ ഒരു ആനയെത്തേടി അവര്‍ അന്വേഷിച്ചു പോയി. കിട്ടിയില്ല. ആനയെ കിട്ടാതായപ്പോള്‍ ആളുകള്‍ എല്ലാവരും കൂടെ ആനയ്ക്കു പകരം കുതിരയായാലും മതിയെന്നു തീരുമാനിച്ചു. കുതിരയെ തപ്പി; കുതിരയേയും എങ്ങും കിട്ടിയില്ല. അറിയുന്ന ഇടങ്ങളിലെ കുതിരകള്‍ എല്ലാം ഓരോ എഴുന്നള്ളത്തിനൊക്കെ പോയിരിക്കുകയാണ്. അവസാനം കുതിരയുടെ ഏതാണ്ട് രൂപമുള്ള ഒരു കോവര്‍കഴുതയെ സംഘടിപ്പിച്ചു.

കഴുതയെ പട്ടൊക്കെ ഉടുപ്പിച്ച്, ചന്ദനമൊക്കെ തൊടുവിച്ച്, മുഖമൊക്കെ നന്നായി എഴുതി, കുടയോക്കെ ചൂടിച്ച്, നന്നായി അലങ്കരിച്ച്, ഒരു ശിവലിംഗം മുകളില്‍ വെച്ച്, എഴുന്നള്ളിച്ചു. കുറെ നടന്നപ്പോള്‍, ആളുകള്‍ വന്നു നമസ്കരിക്കാനും, ഭക്തിപുരസരം വണങ്ങാനും, മാലയിടുവിക്കുവാനും ഒക്കെ തുടങ്ങി. കുറെയായപ്പോള്‍ ഇതെല്ലാം കണ്ട് കഴുത തീരുമാനിച്ചു; ഇങ്ങനെ പൂജ ഏറ്റുവാങ്ങുന്ന ഞാന്‍ എന്തിനാണ് ഈ ശിവലിംഗം ചുമക്കുന്നത്? എനിക്ക് ഇത്രയും പൂജ ലഭിക്കുന്നുവല്ലോ…!

കഴുത ശിവലിംഗം കുടഞ്ഞു താഴെയിട്ടു.ശേഷം, ജനം അടി തുടങ്ങി!
അവസ്ഥയ്ക്കു ലഭിക്കുന്ന പൂജകള്‍ തന്‍റെ വ്യക്തിപരമായ നേട്ടമാണ് എന്നു തെറ്റിദ്ധരിക്കുന്ന കഴുതകള്‍ മാത്രമാണ് നമ്മള്‍. സന്ന്യാസത്തെ ഒരാള്‍ പൂജിക്കുന്നതു കാണുമ്പോള്‍, സന്ന്യാസി സ്വയം തന്നയാണ് പൂജിക്കുന്നത് എന്ന് ഏറ്റെടുത്താല്‍, അവന്‍ ഈ കഴുതയുടെ വര്‍ഗ്ഗത്തിലാണ് പെടുക. ഒരു ഭരണാധികാരി, താനിരിക്കുന്ന സ്ഥാനത്തെ ആരെങ്കിലും പൂജിക്കുന്നതു കണ്ട്, തന്നെയാണ് പൂജിക്കുന്നത് എന്നു തെറ്റിദ്ധരിച്ചാല്‍ അയാളും ഈ കഴുതയുടെ കൂട്ടത്തില്‍ ആണ് പെടുക. ഒരു പുരോഹിതനെയോ പുരോഹിതസമൂഹത്തെയോ ആരെങ്കിലും പൂജിക്കുന്നുവെങ്കില്‍ അത് ആ അവസ്ഥയ്ക്കു കൊടുക്കുന്ന പൂജയാണ്. ഒരാള്‍ അച്ഛനായിരിക്കെ, മക്കള്‍ അച്ഛന്‍ എന്ന അവസ്ഥയെ പൂജിക്കുകയാണ്. അത് നീലാണ്ടന്‍ എന്ന തന്നെ പൂജിക്കുകയാണ് എന്ന് കരുതി ഏതെങ്കിലും നീലാണ്ടന്‍ മക്കളോട് കാര്യമില്ലാതെ തട്ടിക്കയറാന്‍ തുടങ്ങിയാല്‍, ചിലപ്പോള്‍ “പോടാ അച്ഛാ” എന്ന് പറഞ്ഞു പോകും.

എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്, വ്യക്തിയെയല്ല.