അതിഥി പൂജനം

ഒരു വലിയ കല്യാണം നടക്കുമ്പോഴോ, വലിയ സപ്താഹം നടക്കുമ്പോഴോ, അതുപോലെയുള്ള ആഘോഷങ്ങള്‍ നടക്കുമ്പോഴോ, അതിനിടയില്‍ ആരാലും ക്ഷണിക്കപ്പെടാതെ, മുന്നറിയിപ്പില്ലാതെ, വരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറ്റാരെക്കാളും പ്രാധാന്യത്തോടെ അയാളെ പൂജിക്കുന്നതിനാണ് അതിഥിപൂജനം എന്നു പറയുന്നത്. തിഥി അറിയിക്കാതെ വരുന്നവന്‍ ആണ് അതിഥി. അല്ലാതെ അതിഥി എന്നാല്‍ ചീഫ് ഗസ്റ്റ് അല്ല. അതിഥിയുമായുള്ള ബന്ധം ചീഫ് ഗസ്റ്റ്-ഉം, ചീഫ് ഘോസ്റ്റ്-ഉം തമ്മിലുള്ള ബന്ധമല്ല!

“വിളിച്ചവര്‍ കഴിക്കട്ടെ. വിളിക്കാത്തവര്‍ മാറിയിരിക്ക്” – ഇതാണ് ഇന്നത്തെ രീതി. മുന്‍കൂട്ടി വരുമെന്ന് അറിഞ്ഞവരെല്ലാം മനുഷ്യരാണ്. ഒരു ചടങ്ങിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ വരുന്നവന്‍ യാദൃശ്ചികനാണ്, ഈശ്വരനാണ്. പാശ്ചാത്യവും പൌരസ്ത്യവുമായ സംസ്കൃതികള്‍ക്കു തമ്മില്‍ എന്താണു വ്യത്യാസം എന്നു ചോദിച്ചാല്‍ ഇതാണു വ്യത്യാസം. ഡഗ്ലസ്സില്‍ താമസിക്കുന്ന ഒരു അമേരിക്കക്കാരന്‍റെ മകന്‍റെ ജന്മദിനം ആഘോഷിക്കുവാന്‍ അച്ഛനും അമ്മയും മകനും ഒക്കെക്കൂടി തീരുമാനിക്കുമ്പോള്‍ മുന്നറിയിച്ചല്ലാതെ വന്നവന് അന്ന് താമസിക്കുവാനോ, അന്ന് അവിടെ നിന്ന് ഭക്ഷണം കിട്ടുവാനോ സാധ്യത ഇല്ല. അത് അവരുടെ ഫോര്‍മാലിറ്റിയുടെ അടിസ്ഥാനമാണ്. “നിങ്ങളെ വിളിച്ചിട്ടല്ല നിങ്ങള്‍ വന്നത്. അതുകൊണ്ട് താമസിക്കാന്‍ റൂം ഇല്ല” പത്തു റൂം കാലിയായി കിടക്കുന്നെങ്കിലും മാന്യത എന്നു പറയുന്നത് വിളിച്ചു പറഞ്ഞിട്ടു വരുക എന്നതാണ്.

അവരുടെ ആ രീതി ഇന്ന് ഇവിടെയും പടര്‍ന്നു പിടിച്ചിരിക്കുന്നു! “നിങ്ങള്‍ക്ക് ഒന്നു വിളിച്ചിട്ട് വരാന്‍ പാടില്ലായിരുന്നോ” എന്ന് ചോദിക്കുന്നവരുടെ എണ്ണം ഇവിടെയും കൂടി വരുന്നു. സ്വന്തം വീട്ടിലേക്ക് മക്കള്‍ വരുമ്പോള്‍ പോലും വിളിച്ചിട്ടു വരണം എന്നു പറയുന്ന ഒരു സംസ്കാരത്തിലേക്ക് മാറിയിട്ട് നിങ്ങള്‍ ഹിന്ദുക്കളാണ് എന്നു പറഞ്ഞു ഞെളിയുന്നതും ഭാരതീയരാണ്‌ എന്നു പറഞ്ഞു ഞെളിയുന്നതും രണ്ടും ഒരു പോലെ തെറ്റാണ്. നിങ്ങള്‍ എന്നേ മതം മാറിക്കഴിഞ്ഞിരിക്കുന്നു, പാശ്ചാത്യനാട്ടിലേക്ക്! വിളിക്കാതെ ചെല്ലുന്നവനെ സ്വീകരിക്കുന്ന, യാദൃശ്ചികനെ അംഗീകരിക്കുന്ന ഒരു മാനവസംസ്കൃതി ചന്ദ്രമണ്ഡലസ്ഥിതമായ കലയെ പൂജിക്കുന്നവരില്‍ പൂര്‍ണ്ണമാണ്. നിങ്ങളുടെ നാട്ടിലെ, മതത്തിന്‍റെ സംഘടിത സ്വഭാവങ്ങളില്‍ പെടാതെ, കൃത്യമായ നിസ്കാരത്തഴമ്പുകളോടു കൂടിയ ഒരു ഇസ്ലാമിന്‍റെ വീട്ടിലേക്ക് നിങ്ങള്‍ കയറിച്ചെന്നു നോക്കുക. അയാളുടെ ബന്ധുക്കളും വിളിച്ചിട്ടു വന്നവരും ആയവരെക്കാള്‍ മുമ്പേ, വിളിക്കാതെ വന്നവനെ പൂജിച്ചിട്ടേ അയാള്‍ കഴിക്കൂ. ഞാന്‍ അളന്നു തൂക്കിയാണ് പറഞ്ഞത്. നിങ്ങളോടു സംസര്‍ഗ്ഗം പുലര്‍ത്തുകയും, നിങ്ങളുടെ കച്ചവടത്തില്‍ ഭാഗമാവുകയും ചെയ്‌താല്‍, പിന്നെ അവരും നിങ്ങളെപ്പോലെ തന്നെയാണ്!

അ… തിഥി… തിഥി അറിയിക്കാതെ വരുന്നവന്‍. അവന്‍ പൂജനീയനാണ്. അതിഥിയെ വര്‍ജ്ജിച്ചാലോ? ആശ, പ്രതീക്ഷ, സംഗതം, സൂനൃതം, ഇച്ഛ, പൂര്‍ത്തം, പുത്രന്‍, പശു… എല്ലാം പോകും. ഇതാണ് ഈ സംസ്കൃതിയുടെ പഠനം. അതിഥിയെ വര്‍ജ്ജിച്ചാല്‍ ആശകള്‍ സഫലീകൃതങ്ങളാകില്ല. ലോകത്ത് ആരുടെയെങ്കിലുമൊക്കെ ആശ സഫലീകൃതമാകുന്നുവെങ്കില്‍ അതിഥിപൂജനം കൊണ്ടാണ്. പ്രതീക്ഷകള്‍ നടക്കുന്നുവെങ്കില്‍ അ..തിഥി പൂജനം കൊണ്ടാണ്. സംഗതമായത്, കയ്യില്‍ കിട്ടിയത്, നഷ്ടപ്പെടാതിരിക്കുന്നത് അതിഥിപൂജനം കൊണ്ടാണ്. നല്ല വാക്ക് ഉണ്ടാകുന്നത് അതിഥിപൂജനം കൊണ്ടാണ്.

ചിലര്‍ എത്ര നന്നായി പറയണം എന്നു തീരുമാനിച്ചിട്ട്‌ പോയാലും വാക്ക് നന്നായിരിക്കില്ല.ചിലര്‍ എത്ര മോശമായി പറയാന്‍ തുടങ്ങിയാലും വാക്ക് നന്നായിരിക്കും.ചിലര്‍ ചെയ്യുന്ന യജ്ഞങ്ങളും, യാഗങ്ങളും ഉത്തമമായിത്തീരും.അതിഥിപൂജനം കൊണ്ടാണ്. ഇഷ്ടം, പൂര്‍ത്തം, പുത്രന്‍… ഒരുപാടു സ്വത്തൊക്കെ സമ്പാദിച്ചിട്ട്‌, മകള്‍ക്കോ, മകനോ, തനിക്കു തന്നെയോ കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നു! ഉള്ള മരുന്നെല്ലാം വാങ്ങിക്കഴിക്കുന്നു. ഫലമില്ല. ആ നേരത്ത് അതിഥിപൂജനം ചെയ്യുക. അതിഥിപൂജനം ചെയ്യുന്നവന്, സമ്പത്ത് ഉണ്ടാകും…”പശൂശ്ച സര്‍വ്വാന്‍”… എല്ലാം ഉണ്ടാകും…എന്നാണ്‌ ഈ സംസ്കൃതി പറയുന്നത്.
അതിഥി യാദൃശ്ചികനാണ്, ഈശ്വരനാണ്.