സൂക്ഷ്മപ്രപഞ്ചം, അന്തക്കരണം

ജന്മസംസിദ്ധമായ അനുഭവങ്ങളുടെ ഒരു ലോകമാണ് എന്‍റെ സൂക്ഷ്മപ്രപഞ്ചം. അതിലാണ് എന്‍റെ സ്ഥൂലപ്രപഞ്ചം ഇരിക്കുന്നത്.... എന്‍റെ അന്തക്കരണം ഉളവാക്കുന്ന, എന്‍റെ അഹങ്കാരം ഉളവാക്കുന്ന, എന്‍റെ ബുദ്ധി ഉളവാക്കുന്ന,എന്‍റെ ചിത്തം ഉളവാക്കുന്ന, വിപുലമായ ശരീരം. അതിനുള്ളിൽ എന്‍റെ ഒരു നാദപ്രപഞ്ചം ഉണ്ട്..

എന്‍റെ ഉള്ളിൽ എവിടെയോ നിവർത്തമാകുന്ന,പുറത്തേക്കു വരാത്ത,അനുരണങ്ങളും, അനുനാദങ്ങളും, ഉണ്ടാക്കുന്നഒരു പരയുടെ പ്രപഞ്ചം ഉണ്ട്.... അത് അതിന്‍റെ മൂലത്തിൽ വെച്ച് തന്നെ നിവർത്തിച്ചു പോകുകയും,ഞാൻ അറിയാതെ പോകുകയും ചെയ്യുന്നതാണ്.. അതിനെ അനുമിക്കുവാൻ, ആസ്വദിക്കുവാൻ, ആനന്ദിക്കുവാൻ,തന്ത്രയോഗികൾക്കു കഴിഞ്ഞേക്കും.ആ യോഗഭൂമികയിൽ എത്തിയാൽ മാത്രം എനിക്ക് തിരിച്ചറിയാവുന്നതും, അതിന്‍റെ മിന്നലാട്ടം മാത്രം ചിലപ്പോൾ ഞാൻ അനുഭവിക്കുന്നതുമായ വളരെ വിപുലമായ ഒരു നാദപ്രപഞ്ചം ഉണ്ട്.. അതിൽ അതിനേക്കാൾ സ്ഥൂലമായ പശ്യന്തിയുടേതായ ഒരു നാദപ്രപഞ്ചം ഉണ്ട്. അതും എന്നിൽ നിവർത്തിക്കുന്നതാണ്. വിട്ടു പോകുന്നതാണ്. അതിൽനിന്നു ഉരുത്തിരിഞ്ഞു വരുന്ന മദ്ധ്യമയുടെ ഒരു നാദപ്രപഞ്ചം ഉണ്ട്..അത് എനിക്ക് സങ്കല്പങ്ങളെക്കൊണ്ട് നിവർത്തിക്കാവുന്നതാണ്....

എന്‍റെ അന്തക്കരണത്തിൽ നിന്ന് ഉതിർത്തു വരുന്ന ഒരു ശബ്ദം എന്‍റെ വിവേകം കൊണ്ട്, എനിക്ക് നിവർത്തിപ്പിക്കാം, പുറത്തു പറയാതിരിക്കാം അവിടം വരെയുള്ള പ്രപഞ്ചം എന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്..എപ്പോൾ അത് വൈഖരിയായി തീരുന്നുവോ, ആ പ്രപഞ്ചം എന്‍റെ വ്യക്തിസത്തയുടെ, എന്‍റെ വ്യക്തിവൈശിഷ്ട്യത്തിന്‍റെഎന്‍റെ അഭിവ്യക്തിയുടെ ന്യൂനാന്യൂന വേഗതകളെ പുല്കുന്നതാണ്.. വൈഖരിയാണ് ഞാൻ വാക്കുകളായി ഉതിർക്കുന്നതു. തിരിച്ചു എന്നിലേക്ക്‌ എനിക്ക് എടുക്കാൻ ആവാത്ത , പുറത്തേക്കു ഉതിർന്നു വീണാൽ , എന്‍റെ വ്യക്തിസ്വഭാവത്തെ അന്യനു ബോധ്യപ്പെടുത്തി കൊടുക്കുന്ന , പുറത്തേക്കു വിട്ടാൽ അതനുസരിച്ചു ഞാൻ ജീവിച്ചില്ലെങ്കിൽ , രണ്ടു വ്യക്തിത്വം എനിക്ക് ഉണ്ടെന്നു ലോകം ബോധ്യപ്പെടുന്ന ഒരിക്കലും എനിക്ക് നിവർത്തിക്കാൻ ആവാത്ത എന്നെ ഞാൻ അന്യനു കാഴ്ചവെക്കുന്ന ഒരു പ്രപഞ്ചം ഉണ്ട്.

എന്‍റെ നാദവും എന്‍റെ ശബ്ദവും ആദ്യം കേൾക്കുന്നത് ഞാനാണ്..ഞാൻ കേട്ടിട്ട് മാത്രമേ ഞാൻ ആരോട് പറയുന്നൂ, അവൻ കേൾക്കുകയുള്ളൂ.. എന്‍റെ വാക്കിൽ ഒളിഞ്ഞിരിക്കുന്ന കൃപ, എന്‍റെ വാക്കിൽ ഒളിഞ്ഞിരിക്കുന്ന രാഗം, എന്‍റെ വാക്കിന്‍റെ നിർമ്മമത്വം, എന്‍റെ വാക്കിൽ അടങ്ങിയ നിസ്സംഗത, എന്‍റെ വാക്കിൽ ഒളിഞ്ഞിരിക്കുന്ന, ഘൃണ ,വെറുപ്പ്, എന്‍റെ വാക്കിൽ ആരുമറിയാതെ ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കോപം, എന്‍റെ വാക്കിൽ, മർമ്മത്തിൽ കൊള്ളുവാൻ ഞാൻ വെച്ചിരിക്കുന്ന സങ്കീർണ്ണങ്ങളായ തഥ്യകൾ, ഇവയൊന്നും ഞാൻ പറയുന്നത് കേൾക്കുന്നവനും സ്വീകരിച്ചില്ലെങ്കിലും, ആ വാക്കു കേൾക്കുന്ന എന്‍റെ കർണ്ണങ്ങൾ അവ എന്‍റെ മസ്തിഷ്കത്തിൽ എത്തിക്കുമ്പോൾ ഏതൊരു നിഘണ്ടുവിൽ നിന്നാണോ ഞാൻ ഈ വാക്കു ഉതിർത്തത് അതിന്‍റെ യഥാർത്ഥ അർത്ഥത്തിൽ കേൾക്കുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്....