പിതാവിനുവേണ്ടി വധുവിനെ തേടിപ്പോയ പുത്രൻ

പിതാവിനുവേണ്ടി വധുവിനെ തേടിപ്പോയ ഗംഗാദത്തന്‍റെ - ഭീഷ്മന്‍റെ - പ്രവൃത്തിയെ ത്യാഗമായാണ് ആളുകൾ പൊതുവെ കാണുന്നത്!

പിതാവ് പുത്രനുവേണ്ടി വധുവിനെ അന്വേഷിച്ചു പോവുകയല്ലാതെ പുത്രൻ പിതാവിനുവേണ്ടി വധുവിനെ തേടി പോകുന്നത് ശിഷ്ടാചാരമര്യാദകളിലോ, കീഴ്വഴക്കങ്ങളിലോ, ശാസ്ത്രത്തിലോ, സമ്പ്രദായങ്ങളിലോ ഇല്ല.

ശിഷ്ടാചാരമല്ലാത്ത ത്യാഗവും ലോകാചാരവിരുദ്ധ വുമായ ത്യാഗവും ഗർഹണീയമാണ് (നിന്ദനീയമാണ്). ശാസ്ത്രാചാരത്തെ ഉല്ലംഘിക്കുന്നതാകരുത് ത്യാഗം. ഉജ്ജ്വലമായ ഒരു ത്യാഗം, ത്യാഗമാണെങ്കിൽ, ഫലംകൊണ്ട് ശാന്തിയെ പ്രദാനം ചെയ്യുന്നതായിരിക്കും. ത്യജിക്കുന്നവർക്കും, ത്യാഗത്തിന്‍റെ സദ്ഫലങ്ങൾ അനുഭവിക്കുന്നവർക്കും, ആ ത്യാഗകഥ വീണ്ടും വീണ്ടും അറിയുന്നവർക്കുമെല്ലാം ശാന്തിയെ പ്രദാനം ചെയ്യേണ്ടതാണ്. ഭീഷ്മരുടെ ത്യാഗം കൊണ്ട് അതൊന്നുമുണ്ടായതായി മഹാഭാരതം പറയുന്നില്ല.

ത്യാഗവേളയിലെ ശപഥം തന്‍റെ പൗരുഷംകൊണ്ട് സാധിച്ചെടുക്കാൻ കഴിയാത്തവിധം ഈശ്വരൻ അഥവാ അദൃഷ്ടം വിലങ്ങായി വന്ന കഥയും നാം കാണുന്നു. ദാശന്‍റെ പരമ്പരക്കായി രാജ്യമേല്പിച്ചുകൊടുക്കാമെന്ന ഒരു ശപഥമുണ്ടായിരുന്നു. വിദൂരമായിപ്പോലും സന്തതിപരമ്പരക്ക് രാജ്യത്തിന്‍റെ അവകാശം ഏല്പിച്ചുകൊടുക്കാൻ ഭീഷ്മനു കഴിഞ്ഞില്ല. ചിത്രാംഗദ, വിചിത്രവീര്യന്മാർ കാലയവനികയ്ക്കടിപ്പെട്ടു. ദാശപുത്രിയുമായി ശന്തനുവഴിക്ക് ബന്ധമില്ലെന്നു പറയാവുന്ന വേദവ്യാസനിൽ നിന്ന് ഉണ്ടാകുന്ന പുത്രപരമ്പരയിലൂടെയെങ്കിലും രാജ്യത്തിന്‍റെ ഭാഗധേയം ചിരപ്രതിഷ്ഠമാക്കി നിർത്തുവാൻ, ഗാന്ധാരിയുടെ മാംസപിണ്ഡത്തിൽ നിന്നു പിറന്ന പുത്രന്മാർക്കുവേണ്ടി കാവൽനിന്നു സംരക്ഷിച്ച രാജ്യം ആ വംശത്തെയാകെ നശിപ്പിച്ച് ഭീഷ്മശപഥം താറുമാറാക്കപ്പെടുകയാണുണ്ടായത്.