തൃഷ്ണയില്ലാത്തവൻ സമ്പന്നൻ; - തൃഷ്ണയുള്ളവൻ ദരിദ്രൻ


ഇന്നു ലോകത്ത് സമ്പന്നനെ നിശ്ചയിക്കുന്നത് ബാങ്കു ബാലൻസ് നോക്കിയാണ്.

ഭാരതത്തിന്‍റെ ധനതത്വശാസ്ത്രചിന്ത (Economic thinking) ഇതിൽനിന്നും വ്യത്യസ്തമായിരുന്നു. “സദുഭവതി ദരിദോ യസ്യ തൃഷ്ണാ വിശാലഃ'' എന്നായിരുന്നു അത്. തൃഷ്ണ ആർക്ക് ഇല്ലയോ അവൻ സമ്പന്നൻ. അവൻ മാധവൻ. തൃഷ്ണ ആരുടേത് വിശാലമാണോ അവൻ ദരിദൻ.

ആട്ടോറിക്ഷയിൽ പോയ രണ്ട് വ്യക്തികളുടെ കഥയി ലൂടെ ഈ ആശയം നമുക്ക് വ്യക്തതയോടെ ഉൾക്കൊള്ളാൻ കഴിയും. പത്തുലക്ഷം രൂപാ ബാങ്കുബാലൻസുള്ളതും മാസം പതിനായിരം രൂപാ പെൻഷൻ കിട്ടുന്നതുമായ ഒരാൾ ഒരു ആട്ടോറിക്ഷയിൽ കയറി ഒരു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേയ്ക്കു പോയി. അടുത്ത ആട്ടോയിൽ അതേസ്ഥലത്തേയ്ക്കുതന്നെ ഒരു സാധാരണ കൂലിപ്പണിക്കാരനും പോയി. ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോൾ ഒന്നാമത്തയാൾ ഏഴു രൂപയെടുത്തുകൊടുത്തു.

ആട്ടോ ഡ്രൈവര്‍ പറഞ്ഞു: “ എട്ടു രൂപാ വേണം. പെട്രോൾ വില കൂടിയപ്പോൾ മുതൽ മിനിമം ചാർജ്ജ് എട്ടു രൂപയാണ്.''
“അതൊക്കെ ശരിയായിരിക്കും, പക്ഷേ ഞാനിത്രയേ തരൂ'' അയാൾ ആട്ടോഡവറുമായി തർക്കത്തിലായി.
“തന്‍റെ കാശ് എനിക്കുവേണ്ടാ” എന്നു പറഞ്ഞ് ആട്ടോ ഡ്രൈവര്‍ ഏഴു രൂപ തിരിച്ചുകൊടുത്തു മടങ്ങാൻ ശ്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഒരു രൂപ കൂടി ചേർത്ത് എട്ടുരൂപ ഡ്രൈവര്‍ക്കു കൊടുത്തുകൊണ്ട് അയാൾ കടന്നുപോയി

രണ്ടോമത്തെ ആൾ വന്നിറങ്ങിയപ്പോൾത്തന്ന ആട്ടോകൂലി എത്ര രൂപയാണെന്ന് അതിന്‍റെ ഡ്രൈവറോടു ചോദിച്ചു. “എട്ടു രൂപ” ഡ്രൈവര്‍ പറഞ്ഞു.
യാത്രക്കാരൻ ഒരു മടിയും കൂടാതെ ഒരു പത്തു രൂപാ നോട്ട് കൊടുത്തു.
"ചില്ലറയില്ലല്ലോ' എന്ന് ആട്ടോ ഡ്രൈവര്‍ പറഞ്ഞു.
യാത്രക്കാരൻ പറഞ്ഞു: “ബാക്കി നിങ്ങളെടുത്തോ. നമ്മളിത്രയും നേരം സന്തോഷമായി വർത്തമാനവും പറഞ്ഞു വന്നതല്ലേ.” ചിരിച്ചുകൊണ്ട് യാത്രക്കാരൻ യാത്രയായി.

ഇവിടെ പത്തുലക്ഷം രൂപാ ബാങ്കുബാലൻസുള്ള ആൾ യഥാർത്ഥത്തിൽ ഒരു രൂപയുടെ ദരിദ്രനാണ്; പത്തുലക്ഷം രൂപ യുടെ സമ്പന്നനല്ല. “ആഗ്രഹങ്ങൾ ഒരാൾക്കും ശാശ്വതമായ സുഖമോ സംതൃപ്തിയോ നൽകുന്നില്ല. സാമ്പത്തിക ശാസ്ത്രതത്തിന്‍റെ അടിത്തറയിലെ സത്യം കണ്ടെത്തിയ ഭാരതീയ ഋഷീശ്വരന്മാർ തൃഷ്ണയെ ഉപേക്ഷിക്കാനാണ് പറഞ്ഞിട്ടുള്ളത്.

- ഇന്ന്, മാനവന്‍റെ തൃഷ്ണ പെരുപ്പിച്ചപ്പോൾ, അവനെ ഏതുവിധത്തിലും വഞ്ചിക്കാമെന്നായിട്ടുണ്ട്. “എനിയ്ക്കർഹിക്കുന്നതു മാത്രമേ എനിയ്ക്ക് വേണ്ടു. ഇന്ന് എനിയ്ക്കാവശ്യമുള്ളതു മാത്രമേ ഞാൻ വാങ്ങു'' എന്ന് ഇരവുപകൽ ചിന്തിക്കുന്നവന് ദുഖമില്ല. അവന് രോഗവുമില്ല. അവനെ വഞ്ചിക്കാനാർക്കും ആവുകയുമില്ല. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല.”