രാമനിൽ നിന്ന്.... ആത്മാരാമനിലേക്ക്

(രാമനെന്ന വിശ്വനിൽ നിന്ന് ശത്രുഘ്നനെന്ന തുരീയനിലേക്കുള്ള യാത്ര)

അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും പ്രവർത്തനക്ഷമമായിരിക്കുന്ന ദശരഥനാകുന്ന (കുതിരകളെ പൂട്ടിയ രഥം= ഇന്ദ്രിയം) ശരീരത്തിൽ ഇച്ഛാശക്തി, കിയാശക്തി, ജ്ഞാനശക്തി സ്വരുപിണികളായിരിക്കുന്ന കൗസല്യ, കൈകേയി, സുമിത്ര മാതാക്കൾക്ക് മകനായി, കാര്യ കാരണഗുരുക്കന്മാരായ വസിഷ്ഠവിശ്വാമിത്രന്മാരുടെ ശിക്ഷണത്തിൽ ബല, അതിബല മന്ത്രങ്ങളിലൂടെ പൈദാഹാദികളെ ശമിപ്പിച്ച്, കാമമാകുന്ന താടകയെ വധിച്ച്, സുബാഹു മാരീചന്മാരാകുന്ന സുഖദുഃഖങ്ങളെ യമിച്ച്, വിശ്വാമിതയാഗമാകുന്ന നിഷ്കാമകർമ്മയോഗമനുഷ്ഠിച്ച്, കുണ്ഡലിനിയാകുന്ന അഹല്യയെ തട്ടിയുണർത്തി, വിദേഹമാകുന്ന മിഥിലയിൽ പ്രവേശിച്ച്, പ്രണവമാകുന്ന വില്ലുകുലച്ച് ബ്രഹ്മവിദ്യയെ വേട്ട്, ബ്രഹ്മവിദ്യ നേടിയതിന്‍റെ അഹങ്കാരമാകുന്ന ഭാർഗ്ഗവ രാമൻ ഉണർന്നപ്പോൾ “ഞാനൊഴിഞ്ഞുണ്ടോ രാമനിതിൽ - വനത്തിങ്കൽ'' എന്ന അഹങ്കാരം വൈഷ്ണവചാപം കുലയേറ്റുന്നതോടെ പൂർണ്ണമായും ഇല്ലാതാക്കി, യുദ്ധമില്ലാത്ത അയോദ്ധ്യയിൽ തിരിച്ചെത്തിക്കഴിഞ്ഞ് കർമ്മവാസനയാകുന്ന മന്ഥരാപവേശത്താൽ പ്രാരബ്ധമാകുന്ന കൈകേയീനിർബന്ധത്താൽ വാസനയാകുന്ന ഗുഹൻ തോണി കടത്തി, സംസാരമാകുന്ന കൊടുംകാട്ടിലേക്കു പ്രവേശിച്ച്, മുനിമാരാകുന്ന "സത്സംഗങ്ങൾ വേണ്ടുവോളം ലഭിച്ച്, ശരഭംഗനാകുന്ന പാണൻ ഒന്ന് ബാക്കിനിൽക്കെ, തന്‍റെ പൂർവ്വജന്മങ്ങളും ജന്മാന്തരങ്ങളും ആകുന്ന അസ്ഥിക്കഷണങ്ങളും തലയോടുകളും കണ്ട്, ഇനിയൊരു ജന്മം തനിക്കു വേണ്ടാ എന്നു പ്രതിജ്ഞ ചെയ്ത്,

സുതീഷ്ണാശ്രമത്തിലെത്തി അഗസ്ത്യനിൽ നിന്ന് ജ്ഞാനത്തിന്‍റെ വില്ലും വിരാഗ:തയുടെ വാളും സ്വീകരിച്ച്, പഞ്ചേന്ദ്രിയങ്ങളടങ്ങിയ ചിത്തമാകുന്ന പഞ്ചവടിയിൽ താമ സിച്ച്, ഗൃദ്ധരാജനാകുന്ന ജടായുവിനെ (വിരാഗതയെ) കാവൽ നിർത്തി, ജ്ഞാനിയായാലും കാമം വന്നാൽ അപകട മാണെന്നുള്ളതിന് ശൂർപ്പണഖാവൃത്താന്തം ഉറപ്പിച്ചുതന്ന്, ഖര ദൂഷണത്രിശിരാക്കളാകുന്ന രാജസഭാവങ്ങളെ വെന്നു നില കൊള്ളുമ്പോൾ, ജ്ഞാനിക്കു വരുന്ന കാമമാകുന്ന മാരീചൻ മാനിന്‍റെ രൂപത്തിൽ വേഷംമാറി വരുമ്പോൾ ബ്രഹ്മവിദ്യയെ അഗ്നിയിൽ - തന്‍റെ ജ്ഞാനാഗ്നിയിൽ - ഒളിപ്പിച്ചുവെച്ച്, മായാ സീതയെ - മായാജ്ഞാനത്തെ -- വിഷയജ്ഞാനത്തെ - പ്രപഞ്ച ജ്ഞാനത്തെ പുറത്തേയ്ക്കു നിർത്തി, ലക്ഷ്മണ രേഖ ലക്ഷ്മണനെന്നല്‍ തന്‍റെ തൈജസനാൽ - വരച്ച് മാനിന്‍റെ പിന്നാലെ പോയി, പുറകെ തൈജസന്‍റെ കാവലുമില്ലാതാകുന്നതോടെ, മായാജ്ഞാനത്തെ രാജസമാകുന്ന രാവണൻ കട്ടു കൊണ്ടുപോകുമ്പോൾ, ഏകാന്തഭക്തിയാകുന്ന - പ്രാകൃതഭ ക്തിയാകുന്ന - ശബരിയെ തേടി, ആ ഏകാന്തഭക്തിയിൽ ലയിച്ച്, അവിടെ നിന്ന് ബ്രഹ്മചര്യമാകുന്ന ആഞ്ജനേയനെ കൂട്ടി, മായയിൽ ജ്ഞാനത്തിന്‍റെ സന്താനമായ വിവേകമാകുന്ന സുഗ്രീവനുമായി സഖ്യം ചെയ്ത്, മായയിൽ അവിദ്യയുടെ സന്താനമായ ബാലിയാകുന്ന അവിവേകത്തെ വെന്ന്, സുഗ്രീവനാകുന്ന വിവേകത്തിന് സാമാജ്യം കൊടുത്ത്, പ്രണവത്തിന്‍റെ മറുഭാഗമായ താരകത്ത - താരയെ. വിവേകത്തോ ടൊപ്പം ചേർത്ത്, സീതാന്വേഷണത്തിന് - ബ്രഹ്മവിദ്യാന്വേഷണത്തിന് - ബ്രഹ്മചര്യത്തെ നിയോഗിച്ച്, പോകുന്ന വഴിയിൽ പണ്ടു കൊല്ലപ്പെട്ട ജടായുവിന്‍റെ സ്ഥാനത്ത് ഗൃദ്ധരാജനായ സമ്പാതിക്ക് വീണ്ടും ചിറകുമുളച്ചു വിരാഗത വരുമ്പോൾ സീതയെ - ബ്രഹ്മവിദ്യയെ -- ശിംശപാവൃക്ഷച്ചുവട്ടിൽ കണ്ട്,

സ്വയംപഭാവൃത്താന്തമാകുന്ന അഷ്ടൈശ്വര്യസിദ്ധികൾ ലഭിച്ച്, സംസാരാർണ്ണവമാകുന്ന സമുദ്രം കടന്ന്, പ്രലോഭനങ്ങളായി വരുന്ന മൈനാകത്തയും, സുരസയെയും, സിംഹിക യെയും ഒക്കെ ജയിച്ച്, ലങ്കാലക്ഷ്മിയെ വധിച്ച്, കാലമാകുന്ന ലങ്കയിൽ ബ്രഹ്മവിദ്യയെ വീണ്ടും കണ്ടെത്തി, രാജസത്തെയും, താമസത്തയും ഇല്ലായ്മ ചെയ്തത്. ശുദ്ധസാത്വികത്തിന്‍റെ അകമ്പടിയോടെ സീതയെ വേട്ട്, അയോദ്ധ്യയിൽ തിരിച്ചെത്തി, - അഭിഷേകാനന്തരം സാത്വികവൃത്തികളേയും വെടിഞ്ഞ്, സീതാപരിത്യാഗം നടത്തി, ബ്രഹ്മവിദ്യയെ ആശ്രമവാടിയിൽ പരമ്പരകൾക്കേല്പിച്ച്, സരയൂനദിയിൽ സ്വന്തം ശരീരം നിമജ്ജനം ചെയ്യുമ്പോൾ, രാമൻ ആത്മാരാമനായി വികസിച്ച്, രാമനെന്ന വിശ്വനിൽ നിന്ന് ശത്രുഘ്നനെന്ന തുരീയനിലേക്ക് എത്തുന്നു.

(ഇതിന്‍റെ വിസ്തൃതവ്യാഖ്യാനത്തിന് രാമായണത്തിലെ രാമൻ എന്ന പുസ്തകം വായിക്കുക)