മാനവന് ശാന്തി വേണമെങ്കിൽ...

ലോകം നടുങ്ങുന്ന ശാസ്ത്രസാങ്കേതിക വിദ്യകളുടെ അഭിമാനങ്ങളത്രയും കവചമാക്കിയ അർജ്ജുനനും, ഭീഷ്മരും, കർണ്ണനും, ദ്രോണരും, ദുര്യോധനനും, യുധിഷ്ഠിരനുമൊക്കെ മാനവജീവിതത്തിന്‍റെ അഗാധദുഃഖത്തിന്‍റെ തുരുത്തുകളിലാണ് തങ്ങളുടെ ജീവിതകാലമത്രയും ജീവിച്ചതെങ്കിൽ നാമെണ്ണുന്ന പുരോഗതികളത്രയും സുഖത്തിലേയ്ക്കല്ല, മറിച്ചു ദുഃഖത്തിലേയ്ക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നതെന്നു വ്യക്തമാവുന്നു.

ഒരസ്ത്രം തന്‍റെ വില്ലിൽ തൊടുത്തയച്ചാൽ ഒരു ഭൂപ്രദേശത്തെ മുഴുവൻ ജല പ്രളയത്തിലാഴ്ത്തിക്കളയാൻ കഴിയുന്ന സാങ്കേതികവിദ്യ കൈമുതലായുള്ള അർജ്ജുനൻ, മറ്റൊരസ്ത്രം തൊടുത്തുവിട്ടാൽ കരിമ്പാറക്കൂട്ടങ്ങളെ മുഴുവൻ തകർത്തു തരിപ്പണമാക്കിയെറിയാൻ കഴിയുന്ന അർജ്ജുനൻ, തന്‍റെ അസ്ത്രചാതുരികൊണ്ട് ഈ അണ്ഡകടാഹത്തെയാകെ അമ്മാനമാടാൻ കഴിയുമെന്നഹങ്കരിച്ചിരുന്ന വിജയൻ, മാനവസാദ്ധ്യതകളുടെ അങ്ങേത്തലയ്ക്കൽ വരെയെത്തിനിന്നവൻ! മൃത്യുഞ്ജയമന്ത്രം വരെ വശത്താക്കി നില്ക്കുന്ന ജയദ്രഥന്‍റെ തല ഒരാസ്ത്രാഗ്രത്തിലെടുത്ത് അയാളുടെതന്നെ പിതാവിന്‍റെ കൈകളിലർപ്പിച്ച് ആ പിതാവിനേയും പുത്രനയും ഒന്നിച്ചു നശിപ്പിക്കാൻ കഴിയുന്ന ആയോധനവിദ്യയുടെ - ആധുനികവിജ്ഞാനത്തിന് ഇന്നും പ്രാപ്യമായിട്ടില്ലാത്ത ആയോധനവിദ്യയുടെ - അകത്തളങ്ങൾ ഭേദിക്കാൻ കഴിയുമെന്ന് തെളിയിച്ച അർജ്ജുനനാണ് കുരുക്ഷേത്രയുദ്ധ ഭൂമിയിൽ യുദ്ധത്തിനു തയ്യാറെടുത്തു വന്നതായി നാം കാണുന്നത്. എന്തേ ഈ അർജ്ജുനൻ ശ്രേയസ്സിന്‍റെ വഴിതേടി - ശാന്തി തേടി - ആ കൃഷ്ണപാദങ്ങളിലേയ്ക്കു വീഴാൻ തയ്യാറായി?
- “നീ നിന്‍റെ സ്വഗതങ്ങളായ, പ്രകൃതിജങ്ങളായ രൂപങ്ങളിലേയ്ക്ക് തിരിച്ചു മടങ്ങു, അന്നേ നീ ശാന്തി അനുഭവിക്കൂ എന്നും, അതുകൊണ്ട് നീ യുദ്ധഭൂമിയിൽ നിന്ന് ഗോവർദ്ധനത്തിലേയ്ക്ക്, അമ്പാടിയിലേയ്ക്ക്, പെക്കൂട്ടങ്ങളിലേയ്ക്ക്, കാളിന്ദിയിലേയ്ക്ക് തിരിച്ചു മടങ്ങു'' എന്ന് പഠിപ്പിക്കുന്ന ആ കണ്ണനല്ലാതെ - മുരളീഗോപാലനല്ലാതെ - മറ്റാർക്കാണ് ശാന്തിയുടെ "ഗീത' ഉപദേശിക്കാനാവുക!