ഭാരതത്തിലെ പ്രാചീന വിഗ്രഹാരാധനയും ആരോഗ്യ പരിരക്ഷയും.


ഭാരതം വളരെ ഉന്നതമായ തലത്തിലാണ് ശാസ്ത്ര-സാങ്കേതിക വിദ്യകളെ വളർത്തിക്കൊണ്ടുവന്നിരുന്നത്. ഏതോ ദൗർഭാഗ്യം കൊണ്ട് അത് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്ര പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഒരു സെമറ്റിക് ആവിഷ്കൃത ശൈലിയിലാണ് നാം കാര്യങ്ങളെ കാണുന്നത്. എന്നാൽ പ്രാചീനർ അങ്ങനെയായിരുന്നില്ല. അതായത് നാം ഇന്ന് ആരാധിക്കുന്ന തരത്തിലല്ല പ്രാചീനർ ഭാരതത്തിൽ ആരാധന നടത്തിയിരുന്നത്.

ഒരു ക്ഷേത്രം എന്നത് ഒരു ഗ്രാമത്തിന്റെ ദേവത, ഒരു ദേശത്തിന്റെ ദേവത എന്നൊക്കെയുള്ള നിലയിലാണ് പൗരാണികർ പരിഗണിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ ദേവത ശിലയാണ് ദാരുവാണ് എന്നൊന്നുമല്ല അവർ കരുതിയത്. ഇന്ത്യയുടെ ഏറ്റവും ആധുനിക നിയമസംഹിത എടുത്താൽപോലും ദേവത perpetual minor ആണ്. ദേവതയുടെതായി അല്ലാതെ പൗരാണിക കാലത്ത് അല്പം പോലും സ്ഥലം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണവും തുടർന്നുവന്ന ജനാധിപത്യവും ഒക്കെയാണ് ഇന്ത്യയിലുടനീളം സ്വകാര്യസ്വത്തവകാശം ഉണ്ടാക്കിയത്. ഇന്ത്യയിലെ രാജകുടുംബങ്ങളെയും രാജാക്കന്മാരെയും കുറിച്ച് പഠിച്ചാൽ മനസ്സിലാകും രാജകൊട്ടാരങ്ങൾക്കല്ല ചുറ്റും കോട്ട മതിലുകളും കിടങ്ങുകളും ഉണ്ടായിരുന്നതെന്നും മറിച്ച് ക്ഷേത്രങ്ങൾക്കാണ് ഇവയൊക്കെ ഉണ്ടായിരുന്നതെന്നും.

ഇന്ത്യയിൽ എവിടെയും കാണപ്പെടുന്ന സ്ഥലങ്ങൾ അതാത് സ്ഥലങ്ങളിലെ ദേവതകളുടെതായിരുന്നു. അതൊന്നും ഒരിക്കലും വിൽക്കാനോ കൈമാറാനോ പറ്റാത്ത വിധത്തിലാണ് പ്രാചീനർ ദേവതകളെ perpetual minor ആയി നിലനിർത്തിയത്. രാജാക്കൻമാരെല്ലാം ഭരണം നടത്തി പോന്നതും ആ ദേവതയെ മുൻനിർത്തിയാണ്. യാജ്ഞവല്ക്യസ്മൃതി, മനുസ്മൃതി, നാരദസ്മൃതി ഇവയിലും തുടർന്നുവന്ന ഇന്ത്യൻ നിയമ സംഹിതയിലും ഇന്നും ദേവതയെ perpetual minor എന്ന നിലയിൽ ത്തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ( സിവിൽ അഡ്വക്കേറ്റ്സിന് ഇക്കാര്യം വേരിഫൈ ചെയ്തു ബോധ്യപ്പെടുത്താൻ എളുപ്പവുമാണ്).

ഇങ്ങനെയുള്ള ക്ഷേത്രങ്ങൾ ആരാധനയ്ക്ക് തെരഞ്ഞെടുക്കുമ്പോൾ ആ ദേവതയ്ക്ക് ശക്തി അനിവാര്യമാണ്, ഭൂതങ്ങൾ അനിവാര്യമാണ്, അത്ഭുതങ്ങളും അനുഭവങ്ങളും അനിവാര്യമാണ്. പ്രാചീനർ മൂന്നു വിധത്തിലാണ് ഔഷധ കല്പനകളും രൂപാന്തരപ്പെടുത്തിയത് - ജംഗമം, ഭൗതികം, പാർത്ഥിവം. ഇവയ്ക്ക് ധാരാളം ഉപവിഭാഗങ്ങളും ഉണ്ട്.

ജംഗമം എന്നാൽ ജാന്തവങ്ങൾ - ജന്തുജാലങ്ങളിൽ നിന്നും ഉണ്ടാകുന്നവ എന്നും സഞ്ചരിക്കുവാൻ സാധിക്കുന്നത് എന്നും ഒക്കെ പറയാം. പാല്, തൈര്, മോര്, ചാണകം, ഗോമൂത്രം, കൊമ്പ്, പല്ല്, ത്വക്ക് തുടങ്ങിയവ എല്ലാം ജന്തുക്കളിൽ നിന്നുള്ള ഔഷധങ്ങളായാണ് പ്രാചീന ആയുർവേദ സിദ്ധ സമ്പ്രദായങ്ങൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്നും മുളച്ചു വരുന്ന പാർത്ഥിവങ്ങളായവയ്ക്കും ഒട്ടേറെ ഉപവിഭാഗങ്ങളുണ്ട്. സ്വർണ്ണം, വെള്ളി, പഞ്ചലോഹങ്ങൾ, ലോഹങ്ങളുടെ മലങ്ങളായ മണ്ഡൂരം, കന്മദം തുടങ്ങിയവയും. ഈ മൂന്ന് നിലകളിലുള്ള ഔഷധങ്ങളും ക്ഷേത്രാരാധനയ്ക്കുള്ള വിഗ്രഹങ്ങളായി ഇന്ത്യയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇവയൊന്നുമല്ല പുതിയ വിഗ്രഹങ്ങൾ ! ശിലാ വിഗ്രഹങ്ങളാണ് കൂടുതലും. മാർബിൾ, ഗ്രാനൈറ്റ് ഇവയൊക്കെ ഉപയോഗിച്ചുള്ള വിഗ്രഹങ്ങളാണ് കൂടുതലും. അവയെയൊന്നുമല്ല പ്രാചീനർ ആരാധിച്ചിരുന്നത്. പഞ്ചലോഹങ്ങൾ കൊണ്ടും സപ്തലോഹങ്ങൾ കൊണ്ടും നവപാഷാണം കൊണ്ടും ഒക്കെ നിർമ്മിച്ചിട്ടുള്ള വിഗ്രഹങ്ങൾ കൊത്തിയെടുത്ത് ഉണ്ടാക്കുന്നവയല്ല. അവയൊക്കെ ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കൂട്ടുകളാണ്.

ജാന്തവങ്ങളിൽ നിന്നുള്ളവയുണ്ട്. വനസ്പതിയിൽ നിന്നുള്ളവയുമുണ്ട്. കേരളത്തിലെ തിരുവല്ല ക്ഷേത്രത്തിൽ ശർക്കരയും ദർഭയും ചേർത്ത് കൂട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. അങ്ങനെ യോജിപ്പിക്കുന്ന ആ കൂട്ട് നൂറ്റാണ്ടുകളായി നില നിലക്കുന്ന കൂട്ടാണ്. കുമാരനെല്ലൂർ ദേവീ ക്ഷേത്രത്തിൽ ആകട്ടെ അഞ്ജനക്കല്ല് - അഞ്ജന ശിലയാണ്. അതിൽ വെള്ളമൊഴിച്ചാൽ അലിഞ്ഞുപോകും. പാൽ ഒഴിച്ചാലും അലിഞ്ഞുപോകും. തീപിടിത്തത്തിനു മുമ്പുള്ള ശബരിമലയിൽ അയ്യപ്പവിഗ്രഹം നവപാഷാണം ആയിരുന്നു. മൃദംഗശൈലേശ്വരി – മുഴുക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹം വളരെ അത്ഭുതം ഉണ്ടാക്കുന്ന ഒരു കൂട്ട് ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലൂരിൽ, മംഗളാദേവിയിൽ ചതുരഗിരിയിൽ ഒക്കെ പ്രാചീന താന്ത്രികാരാധനയുടെ ശ്രദ്ധേയങ്ങളായ വിഗ്രഹങ്ങളെ ആണ് സ്ഥാപിച്ചിട്ടുള്ളത്. നവപാഷാണ വിഗ്രഹങ്ങൾ ആണെങ്കിൽ പൗർണ്ണമിനാളിൽ അവ വിയർക്കും. ഇപ്പോഴും നവപാഷാണം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള വിഗ്രഹങ്ങൾ ഉള്ള ക്ഷേത്രങ്ങളിൽ ചെന്ന് ശ്രദ്ധിച്ചാൽ പൗർണമി ആകുമ്പോൾ അവ വിയർക്കുന്നത് കാണാം. അവയിൽ പൂജ ചെയ്യുന്നവർക്കും കാണുന്നവർക്കും ഒക്കെ അവയിൽ ജീവൻറെ തുടിപ്പുണ്ടെന്ന് തോന്നുമാറ് വിയർക്കുന്നതായാണ് അനുഭവപ്പെടുക.

ആ സമയത്ത് ആ വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്ന പാലും നൈയ്യും ഒക്കെ അനേക വിധങ്ങളായ രോഗങ്ങൾക്കുള്ള ഔഷധങ്ങളായി മാറിയിട്ടുണ്ടാകും. ഇന്ന് ഇന്ത്യയിൽ ഇത്തരം വിഗ്രഹങ്ങൾ അപൂർവങ്ങളായിക്കൊണ്ടിരിക്കയാണ്. പലപ്പോഴും പുന:പ്രതിഷ്ഠയുടെ പേരിൽ പ്രാചീനങ്ങളായ ഇത്തരം ദിവ്യവിഗ്രഹങ്ങളെ എടുത്തു മാറ്റിയിട്ട് പുതിയ ശിലാവിഗ്രഹങ്ങൾ വെക്കുമ്പോൾ പഴയവയെല്ലാം ഇന്ത്യയ്ക്ക് വെളിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

പഴയ വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്ത നെയ്യും ഓരോ ധാതുവിനും അനിവാര്യമായ പ്രസാദവും - ചെറുപയർ, മഞ്ഞൾ, പാൽച്ചോറ് ഇങ്ങനെയൊക്കെ ഓരോ ധാതുവിനും വേണ്ടത് (ഇവയൊക്കെ ശരിയായി വിശദമായി പഠിക്കണമെങ്കിൽ ലളിതാസഹസ്രനാമം മുദ്ഗൌദനാസക്തചിത്താ, മധുപ്രീതാ, പായസാന്നപ്രിയാ എന്നൊക്കെയുള്ള ഭാഗങ്ങൾ പഠിക്കണം). ഓരോ തന്ത്രാഗമം അനുസരിച്ച് ഓരോ ചക്രവും ചക്രാന്തരാളസ്ഥയായ ദേവതയിൽ - ദേവീ ഭാഗിനി, ഡാകിനി, സാകിനി തുടങ്ങിയ ദേവതകളും ആ ദേവതകൾക്ക് പരിപോഷണം നൽകുവാൻ പര്യാപ്തങ്ങളായ അന്നവും. ആ അന്നം ആ ദേവതാസങ്കല്പ ത്തിനനുസരിച്ച് ഇങ്ങനെ രൂപപ്പെടുത്തിയിട്ടുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്തും, അവയുടെ സമീപത്തുവെച്ച് അവയ്ക്കായിക്കൊണ്ട് പ്രാണാഹൂതിയെ ചെയ്തും എടുത്തു ഉപയോഗിച്ചിരുന്ന കാലങ്ങളിൽ ഇന്ത്യയിൽ രോഗങ്ങൾ കുറവായിരുന്നു എന്ന് ചരിത്രവും അനുഭവവും വച്ചു പഠിക്കുന്നവർക്ക് ബോധ്യമാകുന്നതാണ്.

അതുകൊണ്ട് ആ കാലങ്ങളിൽ അതൊന്നും ഒരു വിശ്വാസത്തിൻറെ മാത്രം കാര്യമായിരുന്നില്ല. ഇന്ന് അത്തരം വിഗ്രഹങ്ങളൊക്കെ വളരെയേറെ കുറഞ്ഞുവരുന്നു. ഉള്ളവതന്നെ മാറ്റിയിട്ട് വലിയതോതിൽ പിരിവും എടുത്തു അതേ തരത്തിലുള്ള രാസപ്രക്രിയയിൽ ഉണ്ടാക്കാൻ അറിയാത്തവർ പുതിയ രീതിയിൽ ഉണ്ടാക്കി പ്രതിഷ്ഠിക്കുന്നതൊക്കെ നാമിന്ന് കണ്ടുവരുന്ന കാര്യമാണ്. ആയുർവേദം ചികിത്സാശാസ്ത്രത്തെ കാണുന്നത് ദൈവവ്യപാശ്രയം, യുക്തി വ്യപാശ്രയം, സത്വാപചയം എന്ന് മൂന്നുതരത്തിലാണ്. ഭാരതീയാരാധനയും അതിൻറെ സമ്പ്രദായവും അതിൻറെ രീതിയിൽ കൊണ്ടുപോകുന്ന പാരമ്പര്യങ്ങൾക്കും വ്യക്തികൾക്കും രോഗം ഉണ്ടാകില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇന്ന് നമ്മുടെ കുട്ടികളും അയൽപക്കക്കാരും ഒക്കെ അനുഭവിക്കുന്ന രോഗങ്ങളിൽ അധികവും പൈതൃകപരമായ അറിവിൽ നിന്നുള്ള ആധുനിക ഭാരതീയ വിദ്യാഭ്യാസശ്രമപരമായ പരിണാമത്തിന്റെ ഫലമാണ്. ആധുനിക ഭൗതിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച നമുക്ക് അനേകം കുറുക്കുവഴികളും എളുപ്പവഴികളും ഉണ്ടാക്കിത്തന്നിട്ടുണ്ടെന്ന സത്യം അംഗീകരിക്കുമ്പോഴും അത് നമ്മുടെ കോശ കോശാന്തര ങ്ങളെ രോഗാതുരമാക്കിയിട്ടുണ്ട് എന്ന വസ്തുതയും നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. നമുക്ക് ഇന്ന് ടൺകണക്കിന് വിറ്റാമിനുകളും മിനറലുകളും ഒക്കെ കഴിക്കേണ്ടിവരാറുണ്ട്. മറിച്ച് നമ്മുടെ അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ ഇത്രയും മരുന്നുകൾ കഴിച്ചിരുന്നോ? പ്രായമായിട്ടും അവരൊക്കെ എത്രയോ ഭാരവും തൂക്കി നടകൾ കയറുമായിരുന്നു.

എത്ര വയസ്സുവരെ അവർ ആരോഗ്യത്തോടെ ജീവിച്ചു? ഏതു വീട്ടിലും നാലു തലമുറയിലെ വരെ വൃദ്ധകൾ ഉണ്ടായിരുന്നു. തോർത്തുമുണ്ടുടുത്ത, മാറു പോലും മറക്കാതെ നടന്നിരുന്ന അവരുടെയൊന്നിനും ചെസ്റ്റിനും(Chest), യൂട്രസിനും(Uterus), ഓവറിക്കും(Ovari), സെർവിക്സിസിനും(Cervix) ഒന്നും തന്നെ രോഗം ഉണ്ടായിക്കണ്ടില്ല. മിതമായ പ്രായത്തിൽ 16 കഴിഞ്ഞാണ് അവർ പ്രായപൂർത്തി അറിയിച്ചത്; പുരുഷന്മാർ ആകട്ടെ 25 വയസ്സ് കഴിഞ്ഞും. ഇന്ന് എത്ര മാറ്റം വന്നിരിക്കുന്നു.

പണ്ടൊക്കെ പത്തും പന്ത്രണ്ടുമൊക്കെ പ്രസവിച്ച അമ്മമാരും കുഞ്ഞുങ്ങളും ഇന്നും ആരോഗ്യത്തോടെ നമ്മുടെ ഇടയിൽ ഒരു രോഗവും ഇല്ലാതെ പ്രാപ്തിയോടെ താന്താങ്ങളുടെ ജോലിചെയ്തു ജീവിക്കുന്നിടത്ത് കേവലം ഒരു പ്രസവം മാത്രം നടത്തിയ വിദ്യാസമ്പന്നയായ സ്ത്രീയുടെ കുട്ടിക്കാകട്ടെ ഓട്ടിസം(Autism), എൻകഫാലൈറ്റിസ്(Encephalitis), ഹൈഡ്രോകഫാലസ് (Hydrocephalus), പെറ്റിറ്റ്മാൽ(Petit Mal), ഗ്രാൻറ്മാൽ(Grand Mal) തുടങ്ങിയ ഒട്ടേറെ രോഗങ്ങൾ എന്തുകൊണ്ട് വരുന്നു എന്നതും ചിന്തനീയമാകേണ്ടതു തന്നെയാണ്.